മഅദനിയുടെ സുരക്ഷാ ചെലവിനുള്ള തുക 1,18,000 രൂപയാക്കി കുറച്ചു


ന്യൂഡൽഹി : പിഡിപി അധ്യക്ഷൻ അബ്‌ദുൽ നാസർ മഅദനിയുടെ സുരക്ഷാ ചെലവിനുള്ള തുക കർണാടക സർക്കാർ 1,18,000 രൂപയാക്കി കുറച്ചു. 14,80,000 രൂപയാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. കേരളത്തിൽ കഴിയാവുന്ന ദിവസങ്ങളും കൂട്ടി. ബെംഗളൂരു സ്‌ഫോടനക്കേസ് പ്രതിയായ മഅദനിക്ക് ഓഗസ്റ്റ് ആറുമുതൽ 19 വരെ കേരളത്തിൽ കഴിയാനും കോടതി അനുമതി നൽകി.

മഅദനിയുടെ പുതുക്കിയ സുരക്ഷാചെലവ് എത്രയാണെന്നു അറിയിക്കാൻ കര്‍ണാടക സര്‍ക്കാരിനോടു സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു യാത്രാബത്തയും ദിനബത്തയും മാത്രം നല്‍കിയാൽ മതിയെന്നും കോടതി ഉത്തരവിട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്‌ഥരുടെ ദിനബത്തയും യാത്രാബത്തയും മാത്രം ഉൾപ്പെടുന്ന തുക എത്രയെന്നു വ്യക്‌തമാക്കാൻ ജഡ്‌ജിമാരായ എസ്.എ.ബോബ്‌ഡെയും എൽ.നാഗേശ്വര റാവുവും ഉൾപ്പെട്ട ബെഞ്ചാണു കർണാടക സർക്കാരിനോടു നിർദേശിച്ചത്. മഅദനിയുടെ സുരക്ഷ കര്‍ണാടക സര്‍ക്കാരിന്‍റെ മാത്രം ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.

സുരക്ഷാചെലവായി 15 ലക്ഷം രൂപയോളം കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നു മഅദനിയുടെ കേരളത്തിലേക്കുളള യാത്ര പ്രതിസന്ധിയിലായിരുന്നു. മഅദനിക്കു കേരളത്തിൽ സുരക്ഷ നൽകാമെന്ന കേരള സർക്കാരിന്റെ വാഗ്ദാനം കോടതി തള്ളി. 

മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കേരളത്തിലേക്കു പോയപ്പോൾ ആകെ 18,000 രൂപയാണു സുരക്ഷാച്ചെലവിനു നൽകിയതെന്നു മഅദനിക്കുവേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണും ഹാരീസ് ബീരാനും വാദിച്ചു. അന്നു നാലു പൊലീസുകാരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ 19 പേർ. ആവശ്യപ്പെടുന്നതു 15 ലക്ഷം രൂപ.

അതീവ ഗൗരവമുള്ള കുറ്റങ്ങളാണ് മഅദനിക്കെതിരെ ആരോപിക്കപ്പെടുന്നതെന്നും സുരക്ഷാച്ചെലവിനായി 12.54 ലക്ഷം രൂപയും നികുതിയുമാണ് ആവശ്യപ്പെട്ടതെന്നുമാണ് കഴിഞ്ഞദിവസം അഭിഭാഷകൻ പറഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed