ദുബൈയിൽ സംഘടനകളുടെ പ്രവർത്തനത്തിന് പുതിയ നിയമാവലി

ദുബൈ : ദുബൈയിൽ സംഘടനകൾക്ക് പുതിയ നിയമാവലി രൂപവൽക്കരിച്ചു. സാമൂഹിക പ്രവർത്തനങ്ങൾ സജീവമാക്കാനും സാമൂഹിക പുരോഗതി കൈവരിക്കാനും സംഘടനകളെ സഹായിക്കുന്ന തരത്തിലാണ് പുതിയ നിയമാവലി രൂപവൽക്കരിച്ചിരിക്കുന്നത്. ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
പുതിയ നിയമാവലി പ്രകാരം ഇനി ഓരോ സംഘടനയും അതിന്റെ പ്രവർത്തനങ്ങൾക്കായി ഒരു നിശ്ചിത സാന്പത്തിക വിഹിതം കണക്കാക്കാക്കി മാറ്റി വെയ്ക്കണം. ആരോഗ്യം, സാംസ്‌കാരികം, വിദ്യാഭ്യാസം, ശാസ്ത്രം, കല തുടങ്ങിയ വിഭാഗങ്ങളിൽ അല്ലെങ്കിൽ സാമൂഹിക−മാനവിക വിഷയങ്ങളിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നവയാകണം സംഘടനകൾ. നിയമപരമായ വ്യക്തിയോ അല്ലെങ്കിൽ ഒരു സംഘം ആളുകളോ ചേർന്ന് സ്ഥാപിക്കുന്നതാകണം. നിയമം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വം കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിക്കാണ് (സി.ഡി.എ).
പുതിയ നിയമനിർമ്മാണവുമായി പൊരുത്തപ്പെടുന്ന ഒരു ചട്ടക്കൂടും ഓരോ സംഘടനയ്ക്കുമുണ്ടാകണം. സംഘടനയുടെ പ്രവർത്തനോദ്ദേശ്യം വ്യക്തമാക്കുന്ന രീതിയിൽ അതിന്റെ പേർ രേഖപ്പെടുത്തണം. സംഘടനയുടെ പ്രവർത്തനം, സ്ഥലം, അംഗങ്ങളുടെ പേരുകൾ, അവരുടെ ദേശീയത, തൊഴിൽ, താമസം തുടങ്ങിയ കാര്യങ്ങളും ഈ ചട്ടക്കൂടിൽ ഉൾപ്പെടുത്തണം.
സംഘടനകൾക്കും എമിറേറ്റിലെ അവയുടെ വിവിധ ശാഖകൾക്കും ലൈസൻസ് അനുവദിക്കാനുള്ള ചുമതലയും സി.ഡി.എ.ക്ക് തന്നെയാണ്. ഇത്തരത്തിൽ ബന്ധപ്പെട്ട അധികൃതരിൽ നിന്നുള്ള ലൈസൻസില്ലാതെ പ്രവർത്തിക്കാൻ ഒരു വ്യക്തിക്കോ സംഘടനക്കോ അനുവാദമില്ല. ചുരുങ്ങിയത് പത്തുപേർ ചേർന്ന് മാത്രമേ ഒരു സംഘടനാ രൂപവൽക്കരിക്കാൻ സാധിക്കുകയുള്ളു. ഇതിൽ രണ്ടുപേർ യു.എ.ഇ. സ്വദേശികളായിരിക്കണമെന്നും നിയമം അനുശാസിക്കുന്നു.