സുരക്ഷാ വിഭാഗത്തിന്റെ പരിശോധന : കുവൈത്തിൽ 16 പേർ പിടിയിൽ

കുവൈത്ത് സിറ്റി : ജലീബിലെ ഹസാവിയിൽ നടത്തി യ പരിശോധനയിൽ വഴിവാണിഭത്തിനും അനധികൃത താമസത്തിനും 16 പേർ പിടിയിലായി. വിവിധയിടങ്ങളിൽ വഴിവാണിഭം ഗതാഗതത്തിനും മറ്റും പ്രയാ സം സൃഷ്ടിക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലായിരുന്നു പരിശോധന. ഫർവാനിയ സുരക്ഷാവിഭാഗത്തിന്റെ മേൽനോട്ടത്തിലായിരുന്നു പരിശോധന. പിടിയിലായവരിൽ വിവിധ രാജ്യക്കാർ ഉൾപ്പെടും. സ്പോൺസർ മാറി ജോലി ചെയ്‌തവർ, ഇഖാമ കാലാവധി തീർന്നവർ എന്നിവർ പിടിയിലായവരിൽ ഉൾപ്പെടും. പിടിയിലായവരെ നാടുകടത്തൽ ഉൾപ്പെടെയുള്ള നടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്കു കൈമാറി.
റോഡ് നിറയെ വഴിവാണിഭം നടക്കുന്ന മേഖലയാണു ഹസാവി. പരിശോധനയ്ക്കായി പോലീസ് എത്തുന്പോഴേക്കും അനവധി പേർ വിൽപ്പന സാധനങ്ങൾ ഉപേക്ഷിച്ചു സ്ഥലംവിട്ടിരുന്നു. പോലീസ് എത്തുന്ന വിവരം ചോർന്നതിനാലാണെന്ന് സംശയിക്കുന്നു. അല്ലായിരുന്നുവെങ്കിൽ നൂറുകണക്കിന് ആളുകൾ പിടിയിലാകുമായിരുന്നു. വഴിവാണിഭക്കാരിൽനിന്നു കുറഞ്ഞ വിലയ്ക്കു സാധനങ്ങൾ ലഭിക്കുന്നുവെന്നതിനാൽ കുറഞ്ഞ വരുമാനക്കാരിൽ പലരും പച്ചക്കറി, പഴം, വസ്‌ത്രങ്ങൾ എന്നിവയ്ക്കായി വഴിവാണിഭക്കാരെ ആശ്രയിക്കാറുണ്ട്.