ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി

ദോഹ: സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ 20 ശതമാനം ജീവനക്കാര്‍ മാത്രം ഓഫിസില്‍ ഹാജരായാല്‍ മതി എന്നതുള്‍പ്പെടെ കോവിഡ്-19 വ്യാപനം തടയാനുള്ള നിയന്ത്രണങ്ങള്‍ വ്യാഴാഴ്ച മുതല്‍ വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടി ഖത്തർ. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് അല്‍താനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് കോവിഡ് നിയന്ത്രണങ്ങളുടെ കാലാവധി വീണ്ടും രണ്ടാഴ്ചത്തേക്ക് നീട്ടിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്. രണ്ടാഴ്ചക്ക് ശേഷം അനിവാര്യമെങ്കില്‍ വീണ്ടും ഉചിതമായ നടപടികള്‍ സ്വീകരിക്കും. ഭക്ഷ്യ ഉല്‍പന്ന ശാലകള്‍, ഫാര്‍മസികള്‍, ഡെലിവറി സേവനങ്ങള്‍ക്ക് അനുമതിയുള്ള റസ്റ്റോറന്റുകള്‍, വാണിജ്യമന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന അവശ്യ സേവനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല.
സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ 80 ശതമാനം പേര്‍ വീട്ടിലിരുന്ന് തന്നെ ജോലി ചെയ്യണം. ഓഫിസില്‍ ഹാജരാകുന്ന 20 ശതമാനം പേര്‍ രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ മാത്രം ജോലി ചെയ്താല്‍ മതി. ഓഫിസ് സംബന്ധമായ യോഗങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സ് പോലുള്ള വിദൂര സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് മാത്രമേ പാടുള്ളു.
ശുചീകരണം, ഹോസ്പിറ്റാലിറ്റി മേഖലകളിലെ കമ്പനികള്‍ വീടുകളില്‍ പോയുള്ള സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും തുടരും. തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളില്‍ സീറ്റിന്റെ പകുതി എണ്ണം തൊഴിലാളികളെ മാത്രമേ ഒരേസമയം കൊണ്ടുപോകാന്‍ പാടുള്ളു എന്ന നിര്‍ദേശവും രണ്ടാഴ്ചത്തേക്ക് നീട്ടി. ഷോപ്പിങ് കേന്ദ്രങ്ങളില്‍ സുരക്ഷിത അകലം പാലിക്കുന്നുണ്ടോയെന്നത് ഉള്‍പ്പെടെ വില്‍പന ശാലകളില്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിശോധന തുടരും.