പിസിബിയെ രൂക്ഷമായി വിമർശിച്ച് മുൻ താരം യൂസഫ്

കറാച്ചി: പാക്കിസ്ഥാൻ ദേശീയ ടീം പരിശീലകന്‍ മിസ്ബ ഉൾ ഹഖിനെയും അദ്ദേഹത്തെ തൽസ്ഥാനത്ത് അവരോധിച്ച പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെയും (പി.സി.ബി) രൂക്ഷമായി വിമർശിച്ച് മുൻ താരം മുഹമ്മദ് യൂസഫ് രംഗത്ത്. മുഖ്യ പരിശീലകനും ചീഫ് സിലക്ടറുമായി മിസ്ബ ഉൾ ഹഖിനെ അവരോധിച്ച് ആ തീരുമാനത്തിൽ ഉറച്ച് മുന്നോട്ടുപോകുന്ന പിസിബിയുടെ തീരുമാനം ഇരട്ടത്താപ്പാണെന്ന് യൂസഫ് വിമർശിച്ചു. പരിശീലകർക്കുവേണ്ട യോഗ്യതകളെക്കുറിച്ച് വാചാലരാകുന്ന പിസിബി, ക്ലബ് തലത്തിൽപ്പോലും പരിശീലിപ്പിച്ച് പരിചയമില്ലാത്ത മിസ്ബയെ പാക്കിസ്ഥാൻ ദേശീയ ടീമിന്റെ പരിശീലകനാക്കിയതിനെയും മുഹമ്മദ് യൂസഫ് ചോദ്യം ചെയ്തു. പാക്കിസ്ഥാന്റെ മുൻ ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് യൂസഫ് 90 ടെസ്റ്റുകളും 288 ഏകദിനങ്ങളും കളിച്ച താരമാണ്.
പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഇരട്ടത്താപ്പ് എനിക്ക് മനസ്സിലാകുന്നില്ല. ഒരു വശത്ത് അവർ ആവശ്യപ്പെടുന്നത് പരിശീലകർക്ക് ഉണ്ടായിരിക്കേണ്ട വലിയ യോഗ്യതകളെക്കുറിച്ചാണ്. മറുവശത്ത്, മുൻപ് ഒരു ക്ലബ്ബിനേപ്പോലും പരിശീലിപ്പിച്ച് പരിചയമില്ലാത്ത മിസ്ബയെ അവർ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനാക്കിയിരിക്കുന്നുവെന്നും മുഹമ്മദ് യൂസഫ് ചൂണ്ടിക്കാട്ടി.
‘പരിശീലക രംഗത്ത് യാതൊരു മികവുമില്ലാത്ത മിസ്ബയെ പാക്ക് പരിശീലകനാക്കിയ നടപടി യോഗ്യതകളുള്ളവരെ പുച്ഛിക്കുന്നതിനു തുല്യമാണ്. കൂടുതൽ പരിശീലക മികവു നേടുന്നതിന് പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഒരു ടീമിന്റെ പരിശീലകനാകാൻ അദ്ദേഹത്തെ അനുവദിച്ചതും രാജ്യത്തെ ക്രിക്കറ്റ് സംവിധാനത്തെ അവഹേളിക്കുന്ന നടപടിയാണെന്നും യൂസഫ് പറഞ്ഞു.
സത്യസന്ധത തൊട്ടുതീണ്ടിയിട്ടില്ലാത്ത താരമാണ് മിസ്ബയെന്നും യൂസഫ് വിമർശിച്ചു. ‘അടുത്തിടെ ഒരു വാർത്താസമ്മേളനത്തിൽ സത്യസന്ധതയെക്കുറിച്ചും മൂല്യബോധത്തേക്കുറിച്ചുമൊക്കെ മിസ്ബ വാചാലനാകുന്നത് കണ്ടു. അദ്ദേഹം പാക്കിസ്ഥാൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന കാലത്ത് എന്തൊക്കെ നെറികേടുകളാണ് കാട്ടിയത്. മിസ്ബയുടെ കാലത്ത് അസ്ഹർ അലിയെ ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടുപോലുമില്ല’ ∠ യൂസഫ് ചൂണ്ടിക്കാട്ടി. പാക്കിസ്ഥാൻ ടെസ്റ്റ് ടീമിന്റെ നായകനായ അസ്ഹർ അലിയെ 2013 ജനുവരി മുതൽ 2016 ഏപ്രിൽ വരെയുള്ള കാലത്ത് ഏകദിന ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഇരുവരും ഒരേ ശൈലിയിൽ കളിക്കുന്ന താരങ്ങളായതിനാലാണ് അസ്ഹർ അലിയെ മിസ്ബ ബോധപൂർവം തഴഞ്ഞതെന്ന് യൂസഫ് ആരോപിച്ചു.
‘സാങ്കേതിക മികവു പരിഗണിച്ചാലും പ്രതിഭ നോക്കിയാലും മിസ്ബയേക്കാൾ മികച്ച താരമാണ് അസ്ഹർ അലിയെന്നാണ് എന്റെ അഭിപ്രായം. പക്ഷേ, ഓപ്പണറായ വൺഡൗണായോ കളിക്കുന്ന അസ്ഹർ അലി നിലയുറപ്പിക്കാൻ സമയമെടുക്കുന്നതുകൊണ്ടാണ് അദ്ദേഹത്തെ ഏകദിന ടീമിലേക്കു പരിഗണിക്കാതിരുന്നത്. മിസ്ബ തന്നെ നിലയുറപ്പിക്കാൻ സമയമെടുക്കുന്നയാളും പതുക്കെ കളിക്കുന്നയാളുമാണ്’ യൂസഫ് ചൂണ്ടിക്കാട്ടി.
മിസ്ബ ഉൾ ഹഖ് ഒരു ശരാശരി ബാറ്റ്സ്മാൻ മാത്രമായിരുന്നുവെന്നും യൂസഫ് അഭിപ്രായപ്പെട്ടു. ‘പ്രത്യേകിച്ച് സാങ്കേതിക മികവൊന്നും അവകാശപ്പെടാനില്ലാത്ത താരമാണ് മിസ്ബ. ഒറ്റ വശം മാത്രമുള്ള ബാറ്റിങ്ങാണ് അദ്ദേഹത്തിന്റേത്. കൂടുതൽ സമയവും പ്രതിരോധത്തിലൂന്നിയാണ് അദ്ദേഹം കളിക്കുക. സ്പിന്നർമാരെ കളിക്കുമ്പോൾ മാത്രം അൽപം മികവുകാട്ടും’ യൂസഫ് പറഞ്ഞു.