കാല്‍നടക്കാരുടെ നിയമലംഘനം: ശിക്ഷ കര്‍ക്കശമാക്കുന്നു
ദോഹ: ഖത്തറില്‍ കാല്‍നടക്കാരുടെ ഗതാഗതനിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷ കര്‍ക്കശമാക്കുന്നു. 'അപകടരഹിത വേനല്‍' എന്ന ഗതാഗത വകുപ്പിന്റെ ക്യാംപയിനുമായി ബന്ധെപ്പട്ടാണിത്. ഇതിന്റെറ മുന്നോടിയായി കാല്‍നടക്കാര്‍ റോഡ് മുറിച്ചു കടക്കുന്പോഴും മറ്റും നിയമം ലംഘിച്ചാല്‍ അവരുടെ ഖത്തര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗപ്പെടുത്തി നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്യുക. വരുന്ന ആഗസ്റ്റ് മുതല്‍ ഇത് നടപ്പിലാകും.
കാല്‍നടക്കാര്‍ റോഡിന്റെ മധ്യത്തിലുള്ള ഡിവൈഡറിലൂടെ നടക്കുകയാണെങ്കിലോ റോഡരികിലെ നടക്കുവാനുള്ള വഴി ഉപയോഗിക്കാതിരിക്കുകയോ ചെയ്താല്‍ അയാള്‍ക്ക് 100 റിയാല്‍ പിഴ ഒടുക്കേണ്ടി വരും. ഇത്തരത്തില്‍ റോഡിന്റെ കാല്‍നടക്കാര്‍ക്ക് നടക്കാനുള്ള പ്രത്യേക ഭാഗം ഇല്ലെങ്കില്‍ കൂടി റോഡിന്റെറ അരികില്‍ കൂടി തന്നെയാണ് നിര്‍ബന്ധമായും നടക്കേണ്ടത്.
ഇത് പാലിക്കാത്ത ഘട്ടത്തിലും 100 റിയാല്‍ പിഴ നല്‍കേണ്ടി വരും. കാല്‍നടക്കുള്ള പ്രത്യേക ഭാഗങ്ങളായ സീബ്രാലൈനുകള്‍ പോലുള്ളവ ഉപയോഗിക്കാതെയോ മറ്റ് മുന്‍കരുതല്‍ എടുക്കാതെയോ റോഡ് മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് 200 റിയാല്‍ പിഴ അടക്കേണ്ടി വരും. മറ്റ് ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത ഘട്ടത്തില്‍ 500 റിയാല്‍ ആയിരിക്കും പിഴ. ഇന്‍റര്‍സെക്ഷനില്‍ റോഡ് സിഗ്നല്‍ തെളിയുന്നതിന് മുന്പായുള്ള മുറിച്ചുകടക്കല്‍, മിലിട്ടറി പരേഡ് പോലുള്ള ഘട്ടത്തില്‍ അധികൃതര്‍ മറ്റു വാഹനങ്ങളെ തടഞ്ഞുനിര്‍ത്തുന്ന ഘട്ടത്തില്‍ അവയെ പ്രതികൂലമായി ബാധിക്കുന്ന രൂപത്തില്‍ പെരുമാറുന്ന കാല്‍നടക്കാര്‍ എന്നിവര്‍ ഇൗ പിഴ നല്‍കേണ്ടി വരും.

