മരുഭൂവിൽ ഇത് മധു നിറയും കാലം
മനാമ : ചൂടുകാലം കനത്തതോടെ ബഹ്റൈനിലും ഈന്തപഴങ്ങൾ വിളഞ്ഞുതുടങ്ങി. ഹൈപ്പർ മാർക്കറ്റുകളിലും, സെന്റർ മാർക്കറ്റിലും ഇതോടൊനുബന്ധിച്ച് വിവിധ തരത്തിലുള്ള ഈന്തപഴങ്ങളും എത്തിയിട്ടുണ്ട്. അവധിക്ക് നാട്ടിലേയ്ക്ക് പോകുന്നവരുടെ ലഗേജിൽ ഒഴിച്ചുകൂടാൻ പറ്റാത്തവയാണ് കജൂർ എന്നു വിളിക്കുന്ന ഈന്തപഴങ്ങൾ. മണലാരണ്യം ചുട്ടുപഴുക്കുന്പോൾ പ്രകൃതിയുടെ വരദാനം പോലെ ഇവിടെയുള്ളവർക്ക് കനിഞ്ഞ് നൽകിയ മധുരപഴമാണ് ഇത്.
അറബ് ജനതയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് ഈന്തപഴത്തിന്റെയും ചരിത്രത്തിന്. റമദാൻ മാസത്തിൽ നോന്പ് തുറക്കാൻ ഉപയോഗിച്ച് വന്ന ഈന്തപഴം മനുഷ്യശരീരത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. വിറ്റമിൻ എ, വിറ്റമിൻ ബി 1, ബി 2, ബി 7 എന്നിവയാലും, ധാതുലവണങ്ങളാലും സന്പന്നമാണ് ഈന്തപഴം.
ചൂടുകാലത്ത് വരുന്ന പല രോഗങ്ങൾക്കും ശമനം നൽകുവാനും ഈന്തപഴം നല്ലതാണ്. ഗർഭിണികൾ ഈന്തപഴം കഴിക്കുന്നത് സുഖപ്രസവത്തിന് സഹായിക്കുമെന്നും, രക്തധമനികൾക്ക് ഉണർവും, ഇലാസ്തികതയും നൽകി രക്തസമ്മർദ്ദം തടയാനും ഈ കുഞ്ഞുപഴത്തിന് സാധിക്കുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ പറയുന്നു. ഇങ്ങിനെ നിരവധി ഗുണങ്ങളാൽ സന്പുഷ്ടമാണെങ്കിലും ഈന്തപഴം വാങ്ങിക്കുന്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒട്ടിപിടിക്കുന്ന സ്വഭാവമുള്ളതിനാൽ പൊടിപടലങ്ങളിൽ ഇവ മലിനമാകാൻ ഏറെ സാധ്യതയുണ്ട്. അത് ശ്രദ്ധിച്ച് വേണം ഈ പഴം കഴിക്കാൻ.

