പൊ­തു­മാ­പ്പ് കാ­ലാ­വധി­ക്കി­ടെ­ ഖത്തറിൽ നി­ന്ന് പതി­നാ­യി­രം പേർ രാ­ജ്യം വി­ട്ടതാ­യി­ അധി­കൃ­തർ


ദോഹ : സർക്കാർ പ്രഖ്യാപിച്ച മൂന്നു മാസത്തെ പൊതുമാപ്പ് കാലാവധി അവസാനിച്ചു. രാജ്യത്തു നിന്ന് അനധികൃത താമസക്കാരെ പൂർണമായും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്നു മാസം നീണ്ട പൊതുമാപ്പിൽ ഇതുവരെ പതിനായിരം പേർ രാജ്യം വിട്ടതായി അധികൃതർ അറിയിച്ചു. അമീറിന്റെ ഉത്തരവ് പ്രകാരം സപ്തംബർ ഒന്നിനാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഇക്കാലയളവിൽ അനധികൃത താമസക്കാർ രാജ്യം വിടുകയോ താമസ രേഖകൾ ശരിപ്പെടുത്തുകയോ ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചിരുന്നു.

സ്പോണ്സർക്ക് കീഴിലല്ലാതെ ജോലി ചെയ്യുന്നവർ തൊഴിലെടുക്കുന്ന സ്ഥാപനത്തിലേക്ക് തങ്ങളുടെ ഇഖാമ മാറ്റുകയോ ആറു മാസത്തെ തൊഴിലെടുക്കാനുള്ള അനുമതി വാങ്ങിയിരിക്കുകയോ ചെയ്യണം. ഇഖാമ ഉണ്ടെന്നു കരുതി എവിടെയും തൊഴിലെടുക്കാമെന്ന ധാരണ തെറ്റാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

പൊതുമാപ്പിന് ശേഷവും മറ്റിടങ്ങളിൽ ജോലി ചെയ്യുന്നതിനിടെ പിടിക്കപ്പെട്ടാൽ പഴയ കന്പനി ഉടമയും പുതുതായി തൊഴിൽ നൽകിയ സ്ഥാപനവും വലിയ പിഴ ഒടുക്കേണ്ടി വരും. പൊതുമാപ്പ് കാലാവധി അവസാനിക്കുന്നതോടെ അനധികൃത താമസക്കാരെ കണ്ടെത്താനുള്ള വ്യാപകമായ പരിശോധനകൾ ആരംഭിക്കുമെന്നും സെർച് ആൻഡ് ഫോളോ അപ് വിഭാഗം മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

അനധികൃത താമസക്കാരിൽ 85 ശതാമാനം നാട്ടിലേക്ക് മടങ്ങിയതായും അവശേഷിക്കുന്ന പതിനഞ്ചു ശതമാനത്തെ പിടികൂടാൻ പ്രയാസമുണ്ടാവില്ലെന്നുമാണ് അധികൃതരുടെ കണക്ക് കൂട്ടൽ. പിടിക്കപ്പെടുന്നവരെ രാജ്യത്തെ ശിക്ഷാനിയമം അനുസരിച്ചു കോടതിയിൽ ഹാജരാക്കി നിയമ നടപടി സ്വീകരിക്കുമെന്ന ശക്തമായ മുന്നറിയിപ്പും ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed