ജിയോയുടെ ഓഫറുകൾക്ക് മേൽ ട്രായ് നിരീക്ഷണം

മുംബൈ: ജിയോയുടെ സൗജന്യ സേവനം മാർച്ച് 31 വരെ നീട്ടിയ തീരുമാനത്തിന് പിന്നാലെ ജിയോയുടെ എല്ലാ ഓഫറുകളും പരിശോധിക്കുമെന്ന് ട്രായ്.
ജിയോ മുന്നോട്ടുവയ്ക്കുന്ന എല്ലാ താരിഫ് നിരക്കുകളും സൗജന്യ സേവനങ്ങളും ട്രായ് പരിശോധിക്കുമെന്ന് ചെയർമാൻ ആർ.എസ് ശർമ്മ അറിയിച്ചു. ജിയോയുടെ പുതിയ ഓഫറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സൗജന്യ സേവനങ്ങൾ ഈ വർഷം അവസാനം വരെ അനുവദിക്കാനായി ട്രായ് അനുമതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ജിയോ ഹാപ്പി ന്യു ഇയർ ജിയോ എന്ന പേരിൽ പ്രഖ്യാപിച്ച സൗജന്യ ഓഫർ ആയിരിക്കും ട്രായ് പരിശോധിക്കുക. ജിയോയുടെ പ്രധാന എതിരാളിയായ എയർടെൽ സൗജന്യ സേവനം നീട്ടുന്നതിനെതിരെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിരീക്ഷണം.
ഡിസംബർ നാല് മുതൽ എല്ലാ പുതിയ ജിയോ ഉപഭോക്താവിനും 2017 മാർച്ച് 31 വരെ സൗജന്യ സേവനങ്ങൾ ലഭിക്കുമെന്ന് മുകേഷ് അംബാനി ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവിലെ 52 മില്ല്യൺ ഉപഭോക്താക്കൾക്ക് ഡിസംബർ 31 വരെ വെൽക്കം ഓഫറിന്റെ സൗജന്യ സേവനങ്ങൾ ലഭിക്കും. തുടർന്നുള്ള സൗജന്യ സേവനങ്ങൾക്കായുള്ള ഹാപ്പി ന്യു ഇയർ ഓഫർ ഓട്ടോമാറ്റിക് ആയി ഉപഭോക്താക്കളുടെ നന്പറുകളിൽ ആക്ടീവ് ആകുമെന്നും മുകേഷ് അംബാനി അറിയിച്ചു.