ഒമാനിൽ വിദ്യാർത്ഥികളിൽ വാക്‌സിനേഷൻ ജൂലൈയിൽ

മസ്‌കറ്റ്: ഒമാനിൽ വിദ്യാർത്ഥികളിൽ വാക്‌സിൻ കുത്തിവെയ്പ് ജൂലൈ മാസം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പതിനെട്ട് വയസ്സിന് താഴെയുള്ള എല്ലാ വിദ്യാർത്‍ഥികൾക്കും കൊവിഡ് വാക്‌സിൻ നൽകും.
മൊത്തം ജനസംഖ്യയുടെ 70 ശതമാനം പേർക്കും വാക്‌സിനേഷൻ നൽകാൻ ലക്ഷ്യമിടുന്ന രോഗപ്രതിരോധത്തിനുള്ള ദേശീയ തന്ത്രം തയ്യാറാക്കിയെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ജൂലൈ ഡിസംബർ മാസങ്ങൾക്കിടയിൽ രാജ്യത്തെ 18 വയസ്സിന് താഴെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും വാക്‌സിൻ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
ആഗസ്റ്റ് അവസാനിക്കുന്നതിന് മുന്പ് 30 ലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 30 ശതമാനം പേർക്കും ജൂൺ അവസാനത്തോടെ തന്നെ വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം, റമദാൻ ആരംഭിക്കുന്നത് വരെ കർഫ്യൂ നിയന്ത്രണങ്ങൾ ഒമാൻ നീക്കി. മാർച്ച് 28 മുതൽ ഏപ്രിൽ 8 വരെ രാത്രി 8 മുതൽ പുലർച്ചെ 5 വരെ ഒമാനിൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരുന്നു. ഏപ്രിൽ 9 മുതലാണ് നിയന്ത്രണങ്ങൾ നീക്കിയത്.