ഒമാൻ ലേബർ പെർമിറ്റ് ഫീസ് വർദ്ധിപ്പിച്ചു

മസ്കറ്റ്: വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് അടയ്ക്കേണ്ട ഫീസ് ഒമാൻ തൊഴിൽമന്ത്രാലയം കൂട്ടി. സീനിയർ ലെവൽ, മിഡിൽ ലെവൽ, ടെക്നിക്കൽ, സ്പെഷ്യലൈസ്ഡ് മേഖലകൾ തുടങ്ങി എട്ടുവിഭാഗങ്ങളിലെ തസ്തികകളിലാണ് നിരക്ക് വർധിപ്പിക്കുക. ഉയർന്ന തസ്തികകളിൽ വിദേശത്തൊഴിലാളികളെ നിയമിക്കുന്നതിനാണ് കൂടുതൽ ചെലവുവരിക. ഇത്തരം കന്പനികൾ 2001 റിയാൽവരെ (ഏകദേശം 3,80,000 രൂപ) തൊഴിൽമന്ത്രാലയത്തിന് നൽകേണ്ടിവരും. മിഡിൽ ലെവൽ തസ്തികകളിൽ ഫീസ് നിരക്ക് 1001 റിയാൽ ആക്കാനാണ് (ഏകദേശം 1,90,000 രൂപ) ധാരണ. സ്പെഷ്യലൈസ്ഡ് അല്ലെങ്കിൽ ടെക്നിക്കൽ തസ്തികകളിൽ 601 റിയാലും (ഏകദേശം 1,14,000 രൂപ) മത്സ്യത്തൊഴിലാളികൾക്ക് 361 റിയാലും (ഏകദേശം 68,500 രൂപ) ചെലവാകും. തസ്തികകളിൽ പെടാത്ത വിഭാഗങ്ങളിൽ വിസനിരക്ക് 301 റിയാലായി (ഏകദേശം 57,000 രൂപ) തുടരും. തൊഴിലാളികളുടെ വിവരങ്ങളിൽ മാറ്റംവരുത്തുന്നതിനും തൊഴിലുടമ മാറുന്നതിനും അഞ്ച് റിയാൽ വീതം (ഏകദേശം 950 രൂപ) നൽകണം. പുതിയ ഫീസ് നിരക്ക് എപ്പോൾ പ്രാബല്യത്തിലാകും എന്നതുസംബന്ധിച്ചും തസ്തികകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവിട്ടിട്ടില്ല.