മത്ര കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ വൻ തിരക്ക്


മസ്കത്ത്: ലോക്ഡൗൺ തുടരുന്ന മത്രയിലെ കോവിഡ് പരിശോധനാ കേന്ദ്രങ്ങളിൽ പ്രവാസികളുടെ വൻ തിരക്ക്. മലയാളികളടക്കമുള്ള തൊഴിലാളികളും മറ്റും പരിശോധനയ്ക്കായി പ്രവഹിക്കുന്നു. തിരക്കു കണക്കിലെടുത്ത് വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കോവിഡ് ലക്ഷണമുള്ളവരെ മാത്രമാണ് പരിശോധിക്കുക. പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ എന്നിവയുള്ളവർ പരിശോധന നടത്തണം.

മത്ര സബ്ലയിലും പോലീസ് സ്റ്റേഷനു സമീപമുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലുമാണ് കോവിഡ് പരിശോധനയ്ക്കു സൗകര്യമൊരുക്കിയത്. ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് പരിശോധന. അവധി ദിവസങ്ങളിലടക്കം പരിശോധന നടത്താം. ഒമാനിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ മത്രയിലാണ്. മലയാളികളടക്കം ഇന്ത്യക്കാരായ ഒട്ടേറെ ചെറുകിട-ഇടത്തരം സ്ഥാപന ഉടമകളും ജീവനക്കാരുമുള്ള മേഖലയാണിവിടം. ഇവർ കടുത്ത ആശങ്കയിലാണ്. സാമ്പത്തികമായും തകർന്നു.
മത്ര വിലായത്തിൽ ഈ മാസം ഒന്നിന് ഏർപ്പെടുത്തിയ ലോക്ഡൗൺ അടിയന്തര സാഹചര്യം കണക്കിലെടുത്ത് മസ്കത്ത് ഗവർണറേറ്റിലാകെ നടപ്പാക്കിയിരിക്കുകയാണ്. 22 വരെയാണിതെങ്കിലും തുടർന്നേക്കാം. മത്രയ്ക്കു പുറമേ മസ്കത്ത്, ബൗഷർ, സീബ്, ആമറാത്, ഖുറിയാത്ത് വിലായത്തുകളിലാണ് ലോക്ഡൗൺ ഉള്ളത്. മസ്കത്ത് ഗവർണറേറ്റിന്റെ പൂർണ നിയന്ത്രണം സായുധസേനയും റോയൽ ഒമാൻപോലീസിനുമാണ്. ഭക്ഷ്യസാധനങ്ങളും മരുന്നും വാങ്ങുന്നതടക്കമുള്ള അടിയന്തര ആവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങാനാണ് അനുവാദം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed