മെകുനു : റോഡുകൾ വീണ്ടും തുറന്നു

സലാല : മെകുനു കൊടുങ്കാറ്റിൽ തകർന്ന ദോഫാർ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകൾ യാത്രയ്ക്കായി വീണ്ടും തുറന്നുകൊടുത്തു. അതിവേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാണ് ഗ്രാമങ്ങളിലേക്കുൾപ്പെടെയുള്ള റോഡുകൾ തുറന്നത്. വഴിവിളക്കുകളും പുനഃസ്ഥാപിച്ചുകഴിഞ്ഞു. നഗരസഭയ്ക്ക് കീഴിൽ പ്രത്യേകവിഭാഗമാണ് പ്രവൃത്തികൾക്ക് നേതൃത്വം നൽകിയിരുന്നത്. സലാലയിൽ വീശിയടിച്ച മെകുനു കൊടുങ്കാറ്റിലും ശക്തമായ മഴയിലും നിരവധി റോഡുകൾ തകർന്നിരുന്നു. പ്രധാന റോഡുകളെല്ലാം ദിവസങ്ങൾക്കും വീണ്ടും സഞ്ചാരയോഗ്യമാക്കിയിരുന്നു. ഖരീഫ് സഞ്ചാരികൾക്ക് പ്രയാസം ഒഴിവാക്കുന്നതിന് മന്ത്രാലയം നേരിട്ട് ഇടപെടലുകൾ നടത്തിയിരുന്നു. ബൈപ്പാസ് റോഡുകളുടെയെല്ലാം ടാറിങ് പൂർത്തിയാക്കിയതായി ഗതാഗത, വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി. ഗ്രാമ പ്രദേശങ്ങളിലേക്കുൾപ്പെടെയുള്ള റോഡുകളാണിപ്പോൾ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.