ബുറൈദയിൽ പോലീസ് ചെക് പോയിന്റിൽ വെടിവെപ്പ് : നാല് മരണം

ബുറൈദ : സൗദിയിലെ അൽഖസീം പ്രവിശ്യയിലെ ബുറൈദയിൽ പോലീസ് ചെക്ക്പോയിന്റിലുണ്ടായ വെടിവെയ്പിൽ നാല് പേർ മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥൻ, രണ്ട് ഭീകരർ, ബംഗ്ലാദേശ് പൗരൻ എന്നിവരാണ് മരിച്ചതെന്നാണ് ലഭിക്കുന്ന വിവരം. സൗദി സേനയുടെ ആക്രമണത്തിൽ പരിക്കേറ്റ അക്രമികളിൽ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം 3.45നാണ് സംഭവം. അൽ ഖസീം പ്രവിശ്യയിലെ ബുറൈദ പൊലീസ് ചെക്പോസ്റ്റിലേക്കെത്തിയ കാറിൽ നിന്ന് മൂന്ന് പേർ വെടിവെക്കുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനും ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടു. തുടർന്ന് സുരക്ഷാ സേന നടത്തിയ വെടിവെപ്പിൽ കാറിലുണ്ടായിരുന്ന മൂന്നിൽ രണ്ട് പേരെ വധിച്ചു. ഒരാളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഹ്യൂണ്ടായ് എലാട്ര കാറിലെത്തിയ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് ഔദ്യോഗിക വാർത്താ കുറിപ്പ് വിശദീകരിക്കുന്നു. സംഭവത്തിൽ അടിയന്തിര ക്രിമിനൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചെക്പോയിന്റിന്റെ പ്രവർത്തനം സുരക്ഷാസേനയുടെ നിയന്ത്രണത്തിൽ തുടരുന്നുണ്ട്. തീവ്രവാദത്തിനെതിരെ ശക്തമായ നടപടികൾ നടപ്പിലാക്കുന്ന സാഹചര്യത്തിൽ ആക്രമണം നടന്നതിനെ ആഭ്യന്തര വകുപ്പ് അപലപിച്ചു.