ബഹിരാകാശ രംഗത്ത് വൻ കുതിപ്പിന് ഒരുങ്ങി ഇന്ത്യ-ഒമാൻ കൂട്ടുകെട്ട്

മസ്്ക്കറ്റ് : ഇന്ത്യയും ഒമാനും തമ്മിലുള്ള ബഹിരാകാശ സഹകരണക്കരാറിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതോടെ ഉയരങ്ങളിൽ പുതിയൊരു ജൈത്രയാത്രയ്ക്കു തുടക്കമാകുന്നു. സാങ്കേതിക, സുരക്ഷാ ആവശ്യങ്ങൾക്ക് ഉൾപ്പെടെ ബഹിരാകാശ പദ്ധതികൾ ഉപയോഗപ്പെടുത്താനുള്ള കരാറിനാണ് അംഗീകാരം. ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനവേളയിലാണു ധാരണാപത്രം ഒപ്പിട്ടത്.
മേഖലയിൽ ഈരംഗത്ത് യു.എ.ഇയുമായും ഇന്ത്യയ്ക്ക് തന്ത്രപ്രധാന സഹകരണമുണ്ട്. ബഹിരാകാശ-ജ്യോതിശ്ശാസ്ത്ര പഠന ഗവേഷണം, റിമോട് സെൻസിംങ്, നാവിഗേഷൻ, ഉപഗ്രഹ നിർമ്മാണം, ഉപഗ്രഹ നിയന്ത്രണ േസ്റ്റഷനുകൾ എന്നീ മേഖലകളിലും സഹകരണമുണ്ടാകും. ഒമാന്റെ ഗവേഷണപദ്ധതികൾക്ക് ഐ.എസ്.ആർ.ഒ എല്ലാവിധസഹായവും ലഭ്യമാക്കും. ഐ.എസ്.ആർ.ഒയുടെയും ഒമാൻ മന്ത്രാലയത്തിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത പ്രവർത്തക സമിതി രൂപവൽകരിക്കും.
ഭാവി പദ്ധതികൾക്കു രൂപം നൽകുന്നത് ഈ സമിതിയായിരിക്കും. 2011 ൽ ഒമാൻ സംഘം ഐ.എസ്.ആർ.ഒയിലെത്തി സാങ്കേതിക പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. 2016 ലാണ് ഐ.എസ്.ആർ.ഒയുമായി സഹകരിക്കാൻ താൽപ്പര്യമുണ്ടെന്ന് ഇന്ത്യയെ അറിയിച്ചത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനത്തിനിടെ ധാരണാപത്രത്തിൽ ഒപ്പിടുകയായിരുന്നു.
ബഹിരാകാശ രംഗത്ത് യു.എ.ഇയുമായും ഇന്ത്യ കരാർ ഒപ്പുവച്ചിട്ടുണ്ട്. ഇതിനോടകം സംയുക്ത പദ്ധതികൾക്കു തുടക്കമിട്ടതായാണു റിപ്പോർട്ട്. കഴിഞ്ഞവർഷം ഫെബ്രുവരിയിൽ യു.എ.ഇയുടെ നായിഫ്-1 ഉൾപ്പെടെ 104 ഉപഗ്രഹങ്ങൾ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നു വിജയകരമായി വിക്ഷേപിച്ചി രുന്നു.
അമേരിക്കൻ യൂണിവേഴ്സിറ്റി ഷാർജ (എ.യു.എസ്)യിൽ നിന്നു ബിരുദം നേടിയ സ്വദേശി എൻജിനീയർമാർ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിലെ ശാസ്ത്രജ്ഞരുടെ സഹായത്തോടെ വികസിപ്പിച്ച ഉപഗ്രഹമാണ് വിജയകരമായി വിക്ഷേപിച്ചത്.