വംശനാശ ഭീഷണി നേരിടുന്ന സ്രാവുകളെ സംരക്ഷിക്കാൻ നടപടിയുമായി യു.എ.ഇ

ദുബൈ : ഗൾഫ് മേഖലയിൽ സ്രാവുകളുടെ എണ്ണത്തിൽ കുറവുവരുന്ന സാഹചര്യത്തിൽ സംരക്ഷണ നടപടികൾ ഊർജ്ജിതമാക്കാൻ യു.എ.ഇ തീരുമാനം. 43 ഇനം സ്രാവുകളുടെയും നക്ഷത്രമൽസ്യങ്ങൾ ഉൾപ്പെടെയുള്ള 29 സമുദ്രജീവികളുടെയും സംരക്ഷണത്തിന് കർമപരിപാടികൾക്കു രൂപം നൽകി.
നാലുവർഷം കൊണ്ടു കർമപരിപാടികൾ പൂർത്തിയാക്കുന്നതോടെ ഇവയുടെ എണ്ണം ഉയർത്താമെന്നാണ് പരിസ്ഥിതി-കാലാവസ്ഥാ മാറ്റ മന്ത്രാലയത്തിന്റെ പ്രതീക്ഷ. ചിറകുകൾ വെട്ടിയെടുത്തശേഷം ഉപേക്ഷിക്കുന്ന തുൾപ്പെടെയുള്ള പ്രവണതകളാണ് സ്രാവുകളുടെ വംശനാശത്തിനു കാരണമാകുന്നതെന്നു കണ്ടെത്തിയിരുന്നു.
ഇതിനു യു.എ.ഇ കർശന നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ഭക്ഷണാവശ്യത്തിന് ഇവയെ പിടിക്കുന്നതിനും വിൽപ്പന നടത്തുന്നതിനും വിലക്കില്ല. സ്രാവുകളുടെ സംരക്ഷണത്തിന് യു.എ.ഇ ഉൾപ്പെടെ ഏഴ് അറബ് രാജ്യങ്ങൾ 2014 ഫെബ്രുവരിയിൽ കരാർ ഒപ്പുവച്ചിട്ടുണ്ട്.
ഇതിനു പുറമെയാണ് യു.എ.ഇ സ്വന്തം നിലയ്ക്കു കർമപരിപാടികൾ നടപ്പാക്കാൻ തീരുമാനിച്ചത്.