ഒമാനിൽ വാറ്റ് 2019 മുതൽ

മസ്കറ്റ് : ഒമാനിൽ മൂല്യവർദ്ധിത നികുതി നടപ്പാക്കുന്നത് 2019ലേക്ക് നീട്ടി. ഇതിനുള്ള ഒരുക്കങ്ങൾ നടന്ന് വരികയാണെന്ന് ധനമന്ത്രി ഡോ. ദർവീഷ് ബിൻ ഇസ്മഈൽ അൽ ബലൂഷി അറിയിച്ചു. ജി.സി.സി രാജ്യങ്ങൾ പ്രഖ്യാപിച്ച മൂല്യവർദ്ധിത നികുതി യു.എ.ഇയും സൗദിയും നടപ്പാക്കുന്ന സാഹചര്യത്തിലാണ് ഒമാൻ നയം വ്യക്തമാക്കിയത്.
അതേസമയം ചില ഉൽപ്പന്നങ്ങൾക്ക് അടുത്ത വർഷം പകുതിയോടെ നിശ്ചിത നികുതി കൊണ്ടു വരുമെന്നും ധനകാര്യമന്ത്രാലയം വ്യക്തമാക്കി. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത ദിവസങ്ങളിൽ മന്ത്രാലയം പുറത്ത് വിടും. പുകയില ഉൽപ്പന്നങ്ങൾക്കും വിവിധ ഇനം ഭക്ഷ്യ വസ്തുക്കൾക്കും നേരത്തെ ഒമാൻ അധിക നികുതി പ്രഖ്യാപിച്ചിരുന്നു. മൂല്യവർദ്ധിത നികുതി നടപ്പാക്കുന്നത് വർഷങ്ങളായി ജി.സി.സി രാജ്യങ്ങൾ ചർച്ച ചെയ്ത് വരുന്നു. എന്നാൽ ഒരു വർഷം മുന്പാണ് ഏകോപിച്ച് തീരുമാനം കൈക്കൊണ്ടത്. ഇന്ധനവില ഇടിഞ്ഞതോടെ എണ്ണേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വാറ്റ് നടപ്പാക്കാൻ തീരുമാനിച്ചത്.
അതേസമയം അടുത്ത മാസം ഒന്ന് മുതൽ യു.എ.ഇയിൽ വാറ്റ് നടപ്പാക്കുന്നത് ഒമാൻ വിപണിയെ ബാധിക്കില്ലെന്ന് സാന്പത്തിക വിദഗ്ദ്ധർ വ്യക്തമാക്കുന്നു. കച്ചവടക്കാർക്കിടയിൽ വാറ്റ് സംബന്ധിച്ച് ആശങ്ക നിലനിന്നിരുന്നു. ഒമാൻ വിപണിയിലേക്ക് വൻ തോതിൽ ഉൽപ്പന്നങ്ങളാണ് യു.എ.ഇയിൽ നിന്നെത്തുന്നത്. യു.എ.ഇയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് അഞ്ച് ശതമാനം വാറ്റ് നൽകേണ്ടി വരുമെന്നായിരുന്നു വ്യാപാരികൾക്കിടയിലെ പ്രചാരണം. എന്നാൽ ഒമാനിൽ വാറ്റ് ഏർപ്പെടുത്തുന്നത് വരെ ഇത് നൽകേണ്ടി വരില്ലെന്നും നിലവിലെ സാഹചര്യത്തിൽ തന്നെ തുടരാൻ സാധിക്കുമെന്നുമാണ് വിദഗദ്ധാഭിപ്രായം.