പെൺപുലി മഹുവ മോയിത്ര
പുതിയ ലോക്സഭയുടെ ആദ്യ സമ്മേളനത്തിൽ രാഷ്ട്രപതിയുടെ നയപഖ്യാപനത്തിനിടയിൽ സഭയെ ഞെട്ടിച്ചത് പശ്ചിമ ബംഗാളിൽ നിന്നുള്ള പെൺപുലി. വിയോജിക്കാനുള്ള അവകാശ(Right to Dossent)ത്തെ മോദി സർക്കാർ എങ്ങനെ അടിച്ചമർത്തിയെന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മഹുവ മോയിത്ര, തീപ്പൊരി പ്രസംഗമാണ് ലോക്സഭയിൽ നടത്തിയത്. തന്‍റെ വാദങ്ങളെ ഓരോന്നായി അക്കമിട്ട് നിരത്തി, അതിനെ ഏറ്റവും അനുയോജ്യമായ വിധത്തിൽ വിശദീകരിച്ച്, ഒഴുക്ക് വിടാതെ മഹുവ പറഞ്ഞുവെച്ചു.
കയ്യുയർത്തിയും പരിഹസിച്ചും അവഗണിച്ചും അവരെ നിശബ്ദയാക്കാൻ സഭയിൽ വലിയ ശ്രമമുണ്ടായെങ്കിലും ഒരിടത്ത് പോലും തളർന്നില്ല തൃണമൂൽ കോൺഗ്രസിന്‍റെ യുവ എംപി. പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ മണ്ഡലത്തിൽ നിന്ന് അരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മഹുവ മോയിത്ര വിജയിച്ചത്.
"ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയുള്ള ബിജെപിയുടെ വിജയം താൻ അംഗീകരിക്കുന്നു. എന്നാൽ അതിന്‍റെയർത്ഥം പ്രതിപക്ഷമില്ലാതായെന്നല്ല" മഹുവ പറഞ്ഞു. ഈ രാജ്യം കടന്നുപോവുന്നത് ഫാസിസത്തിലൂടെയാണെന്നതിന്‍റെ ഏഴ് സൂചനകൾ മഹുവ അക്കമിട്ട് നിരത്തി. അവ ബിജെപി അധികാരത്തിലെത്തിയ ശേഷമുള്ള ഇന്ത്യയിൽ എങ്ങനെ പ്രാവർത്തികമായി വന്നുവെന്നും കൃത്യമായി മഹുവ വിശദീകരിച്ചു.
അസമിലും കൊൽക്കത്തയിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മഹുവ തന്‍റെ പതിനാറാം വയസിൽ ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി. ഈ കാലത്ത് തന്നെ രാഷ്ട്രീയത്തിൽ താൽപര്യമുണ്ടായിരുന്ന മഹുവ 2009ൽ കോൺഗ്രസിൽ ചേർന്നു. എന്നാൽ, വളരെ വേഗം തന്നെ തന്‍റെ പ്രവർത്തനമണ്ഡലം തൃണമൂൽ കോൺഗ്രസിലേക്ക് മാറ്റുകയും ചെയ്തു. 2016 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മഹുവ തന്‍റെ നാൽപ്പത്തൊന്നാം വയസിൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

