ദൈവീകം


അമ്പലത്തിൽ നിന്ന് തൊഴുത് തിരിച്ചിറങ്ങിയപ്പോഴാണ് അവൾക്ക് അടിയുടുപ്പിൽ ഒരു നനവ് തോന്നിയത്.പിന്നെ ഉത്കണ്ഠകളുടെ പെരും പൂരമായിരുന്നു. എത്രയും പെട്ടെന്ന് വീട്ടിലെത്തണം.ഈയിടെയായി പിരീഡ്‌സ്
സമയകൃത്യതകളെല്ലാം തെറ്റിച്ചതിനാൽ ഇത്തിരി ആകുലതയായിരുന്നു.ഇന്നാവട്ടെ ഒഴിച്ചുകൂടാൻ പറ്റാത്തൊരു വിശേഷദിനവും.പിറന്നാളിനും ഓണത്തിനും വിഷുവിനുമെല്ലാം മനസ്സിനൊരു ആനന്ദമാണ് ഈ അമ്പലത്തിൽ പോക്ക്.അകവും പുറവും ഒരുപോലെ വിശുദ്ധമാക്കപ്പെടുന്ന ഒരിടം.ശാന്തിക്കാരൻ തിരുമേനിയിൽ നിന്ന് പുണ്യജലവും പ്രസാദവും ഏറ്റുവാങ്ങുമ്പോഴും നടയിലൂടെ പ്രദക്ഷിണം ചെയ്യുമ്പോഴും ദൈവം കൂടെനടക്കുന്നതായി തോന്നും.

പതിവുപോലെ തന്നെയായിരുന്നു എല്ലാം. പ്രസാദവും വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് സംശയം തോന്നിയത്. പെട്ടെന്ന് വീട്ടിൽ തിരിച്ചെത്തി. ടോയ്‌ലറ്റിൽ കയറി. ഉടുപ്പിൽ രണ്ടുമൂന്ന് മഞ്ചാടിച്ചുവപ്പ് കണ്ടതും അടിവയറ്റിൽ നിന്നൊരാളൽ അവളുടെ നെഞ്ചിലേക്കിരച്ചു കയറിയതും ഒരേ സമയം തന്നെയായിരുന്നു.അതിന് പശ്ചാത്തലമെന്നോണം പണ്ടെങ്ങോ മുത്തശ്ശി പറഞ്ഞ വാക്കുകൾ ..."അരുതായ്മയുള്ള സമയത്ത് അമ്പലത്തിൽ പോയാൽ ദൈവകോപമുണ്ടാകും ...കുലം മുടിയും..കാരണക്കാർ ആയവർ ഭ്രാന്തുപിടിച്ചു മരിക്കും"അവളിൽ മുഴങ്ങിക്കൊണ്ടിരുന്നു.

 ശിരസ്സിൽ ഒരായിരം കടന്നൽക്കൂടുകൾ ഇരച്ചാർക്കുന്ന പോലെ. മരവിച്ചുപോയ കാലുകൾ  വലിച്ചെടുത്ത് എങ്ങനെയൊക്കെയോ ബെഡ്റൂമിലേക്ക് നടന്നു. ഉടൻ തന്നെ വാതിൽ കുറ്റിയിട്ട് കിടക്കയിലേക്ക് ചുരുണ്ടുമൂടി. തലവഴി മൂടിയ പുതപ്പിനുള്ളിൽ ലോകത്തെ മുഴുവൻ പുറത്താക്കിയിട്ടും...അസ്വസ്ഥതകൾ ഞണ്ട് പോലെ അരിച്ചുകയറുകയാണ് ഞാൻ...അപരാധിയായിരിക്കുന്നു.ഇന്നുവരെ സ്നേഹിച്ച ദൈവങ്ങളെല്ലാം ഒരുമിച്ച് വന്ന്‌ കല്ലെറിയുന്നപോലെ ...ഉറഞ്ഞുതുള്ളി അവർ പറയുന്നു..."നീ ഞങ്ങളുടെ ഇടം അശുദ്ധമാക്കിയിരിക്കുന്നു...ഇനി അനുഗ്രഹങ്ങൾക്ക് പകരം ശാപങ്ങളാൽ നീ ...."അവൾ കണ്ണുകൾ ഇറുക്കിയടച്ചു.

      വാതിലിൽ ശക്തമായി ആരോ മുട്ടുന്നുണ്ട്.അമ്മയായിരിക്കും...ഇത്ര സമയമായിട്ടും പ്രാതൽ കഴിക്കാൻ വരാത്തതുകൊണ്ട് അന്വേഷിച്ചു വന്നതാണ്.അമ്പലത്തിൽ പോകുമ്പോൾ എപ്പോഴും കുളിച്ച് അപ്പാടെ പോയി തൊഴുതുവന്നതിനു ശേഷമാണ് ആഹാരം പതിവ്.തീർത്ഥജലം ആദ്യപാനമാവുമ്പോൾ അതൊരു ആത്മസമർപ്പണം പോലെയാണ്.'അമ്മയുടെ വിളി കുറച്ചുകൂടി ഉച്ചത്തിലായിക്കഴിഞ്ഞിരിക്കുന്നു.വാതിൽ തുറക്കാൻ വയ്യ...ഇനി ,പതിവുള്ള വയറുവേദന ആണെന്ന് പറഞ്ഞാൽ പിരിയഡ്‌സ് ടൈമിലാണോ അമ്പലത്തിൽ പോയതെന്നും ചോദിച്ച് അമ്മയുടെ ശകാരം കൂടി..ഒന്നും കേൾക്കാൻ വയ്യാതായിരിക്കുന്നു.പക്ഷെ പുറത്ത് അമ്മയുടെ അസ്വസ്ഥകൾ ഉച്ചസ്ഥായിലേക്ക് കടന്നിരിക്കുന്നതിനാൽ ഇനിയും വാതിൽ തുറക്കാതിരിക്കുന്നത് പന്തിയല്ല.അച്ഛനെയും അനിയനെയും മറ്റും വിളിച്ചുവരുത്തിയാൽ കാര്യം കൂടുതൽ വഷളാകും. വാതിൽ മെല്ലെ തുറന്ന് "തല വേദനിച്ചിട്ടു വയ്യാ..പ്രാതൽ പിന്നെ കഴിച്ചോളാന്നും" പറഞ്ഞു അമ്മയെ തൽക്കാലം ഒഴിവാക്കി.അന്ന് ഞായറാഴ്ച ആയതുകൊണ്ട് സ്കൂൾ അവധിയാണെന്നുള്ളതായിരുന്നു വേറൊരു ആശ്വാസം.

       പതിയെത്തുടങ്ങിയ വയറുവേദനയോടൊപ്പം മത്സരിക്കാനെന്ന വണ്ണം തലവേദനയും അസ്വസ്ഥകളും അവളെ വല്ലാത്തൊരവസ്ഥയിലാക്കി. ഉച്ചയ്ക്ക് ഊണിനും എണീക്കാതായപ്പോൾ വീണ്ടും അടുത്തെത്തിയ അമ്മയോട് കാര്യം പറയാമെന്ന് വിചാരിച്ചു.ആരോടെങ്കിലും ഒന്നു പറഞ്ഞാൽ ഇത്തിരി ആശ്വാസം കിട്ടിയാലോ...എന്നാൽ വിപരീത ഫലമാണുണ്ടായത്.കാര്യമറിഞ്ഞ 'അമ്മ ഭീതിയിലായി. പെട്ടെന്ന് തന്നെ തന്നെ പ്രതിയാക്കി എതിർകക്ഷിയായ ദൈവത്തിനോടൊപ്പം ചേർന്നു."ഇനി എന്തൊക്കെ ആപത്തുകളാ വരാൻ പോവുന്നേ"എന്നും പറഞ്ഞ് വിലപിച്ച് അമ്മയും പോയപ്പോൾ ..ആകെ തനിച്ചായ പോലെ.ഞണ്ടുകൾ കൂടുതൽ ശക്തരാവുന്നു. ഇറുക്കാലുകളാൽ അവ എവിടെയൊക്കെയോ പിടുത്തമിടുന്നു..ചോര കിനിയുന്നു..ചു
റ്റും ഇരുട്ട് മാത്രം.പുതപ്പ് തലയോടെ മൂടിയിട്ടും അവ കടന്നുവന്നുകൊണ്ടേയിരുന്നു.ആരോടും ഒന്നും സംസാരിക്കാതെ ഇങ്ങനെ എത്ര ദിവസം..

    രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും മൗനവും എതിർകക്ഷിയിൽ ചേർന്നു.പകരം വാക്കുകൾ കൂട്ടം കൂട്ടമായ് ഇറങ്ങിവന്ന് ,ഭടന്മാരപ്പോലെ അവൾക്ക് വേണ്ടി പോരാടാനായ് അണിനിരന്നു. വായൊഴിയാതെ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാശ്വാസം.എന്നാൽ അച്ഛന്റെയും അമ്മയുടെയും കണ്ണുകളിലെ ഭയം അവളെ തളർത്തി.അനിയൻ അത്ഭുതത്തോടെ എല്ലാം നോക്കിക്കാണുകയാണ്.അവൾ പലവാക്കുകളിലൂടെ ,ഭാഷകളിലൂടെ... ദൈവത്തിനോട് മാപ്പ് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പക്ഷെ പുറം തിരിഞ്ഞു നിന്ന ദൈവത്തിന്റെ കണ്ണുകളിൽ ചോരച്ചുവപ്പ്. സംഹാരതാണ്ഡവം.വാളും ചിലമ്പുമണിഞ്ഞ ദേവി ഒരായിരം കൈകളുമായി ഉറഞ്ഞു തുള്ളുന്നു.അവളുടെ വസ്ത്രങ്ങൾ പറിച്ചെറിയുന്നു.പിന്നെ...തൊലിയടർത്തി മാംസം വകഞ്ഞുമാറ്റി...അസ്ഥികൾ പെറുക്കിയെടുക്കുന്നു. രക്തം കൈക്കുമ്പിളിൽ കോരിയെടുത്ത് അട്ടഹസിക്കുന്നു. കണ്ണുകൾ വീണ്ടും ഇറുക്കിയടച്ചു.ഒന്നും കാണാതെ...കേൾക്കാതെ എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടണം. പക്ഷെ ദൈവത്തിന്റെ കണ്ണെത്താത്ത ലോകമില്ലല്ലോ
കിടക്കയിലേക്ക് തന്നെ കുഴഞ്ഞുവീണുപോയി അവൾ.

     ഓർമ്മ വരുമ്പോൾ വേറെ എവിടെയോ ആണ്.ചുറ്റും വെളുത്ത മാലാഖമാർ.ശിവഭഗവാൻ പാമ്പിനെയെന്നപോലെ കഴുത്തിൽ സ്റ്റെതസ്കോപ്പ് ചുറ്റിയ ഡോക്ടർ.മുഖത്തേക്ക് നോക്കിയപ്പോൾ ...
"മോൾ ഒന്നും പേടിക്കേണ്ട,വിശ്രമിച്ചോളൂ" എന്നും പറഞ്ഞ് അവർ പുഞ്ചിരിച്ചു.എന്തിനെന്നറിയില്ലെങ്കിലും ഇത്തിരി ആശ്വാസം തോന്നി.പിന്നെയും ... കണ്ണുകൾ മയക്കത്തിലേക്ക് ആഴ്ന്നുപോയി .ഉറങ്ങിയും ഇടയ്ക്കൊക്കെ ഉണർന്നും ദിവസങ്ങൾ കടന്നുപോവുന്നുണ്ടായിരുന്നു.

ഡോക്ടർ തട്ടിവിളിച്ചപ്പോഴാണ് വീണ്ടും കണ്ണുതുറന്നത്.അവരെന്തൊക്കെയോ സംസാരിച്ചുകൊണ്ടേയിരുന്നു.കണ്ണിലെ സ്നേഹവും ആർദ്രതയും അത് ശ്രദ്ധിക്കാൻ അവളെ പ്രേരിപ്പിച്ചു."നീയൊരു തെറ്റും ചെയ്തിട്ടില്ല.പിന്നെ എന്തിനാ പേടിച്ചത്.നമ്മെയെല്ലാം സൃഷ്ടിച്ചത് ദൈവം.. ആണിനേയും പെണ്ണിനേയും വെവ്വേറെ സൃഷ്ടിച്ചതും ആ ദൈവം തന്നെ. മാതൃത്വമെന്ന പുണ്യകർമ്മത്തിനായാണ് പെണ്ണിന് ഗർഭപാത്രവും ആർത്തവവും നൽകി അനുഗ്രഹിച്ചത്. ഇത് നിന്റെ പാപമല്ല,പകരം.. അമ്മയാവാനുള്ള പുണ്യം. ആർത്തവമില്ലാത്ത ഒൻപത് മാസങ്ങൾ... ആ പുണ്യത്തിന്റെ കൂട്ടിവെയ്പ്പായാണ് ഓരോ കുഞ്ഞും ജനിക്കുന്നത്...ജനിക്കുവോളം അവർക്ക് പട്ടുമെത്തയൊരുക്കുന്നത്.ആ നിന്നെയാണോ അതിന്റെ പേരിൽ ദൈവം വെറുക്കുന്നതും കുറ്റപ്പെടുത്തുന്നതും... അതൊരിക്കലും സംഭവിക്കില്ല"
 
 ഡോക്ടർ പറഞ്ഞുനിർത്തിയപ്പോൾ ഒരു കുളിർതെന്നൽ ഉള്ളിലേക്ക് കയറിപ്പോയപോലെ തോന്നി.അത് വിശ്വാസങ്ങളുടെ ഇരുണ്ട ഗർത്തങ്ങളെ മണ്ണിട്ടുമൂടി. ആകെക്കൂടെ ഒരു മഴ പെയ്തുതോർന്ന ആശ്വാസം. ശിരസ്സിൽ ചിക്കിച്ചികഞ്ഞ ഞണ്ടുകൾ മഴവെള്ളത്തിലൂടെ പുഴയിലേക്കിറങ്ങി പോവുന്നു. ഇഞ്ചക്ഷൻ നൽകിയ മയക്കത്തിലേക്ക് വീണ്ടും ഇറങ്ങിപ്പോയെങ്കിലും ഒരു സുന്ദരസ്വപ്നം ഉള്ളിലേക്ക് കയറിവരുന്നുണ്ടായിരുന്നപ്പോൾ .
      
       ദൂരെയെവിടെയോ... മഞ്ഞുറഞ്ഞ പർവ്വതങ്ങൾക്കിടയിലൂടെ നടക്കുകയായിരുന്നു അവൾ. അവിടെ ഒരു കൊച്ചുവീട് ..മുനിഞ്ഞു കത്തുന്നൊരു തിരിവെട്ടത്തിന്റെ  കാഴ്ചയിൽ അങ്ങോട്ട് നടന്നു. ഒരിത്തിരി ചൂട് തേടിയുള്ള അന്വേഷണം.വരാന്തയിലേക്ക് കയറിയപ്പോൾ അകത്തു നിന്ന് ആരുടെയോ ഞരക്കം..വേദനിച്ചു കരയുന്നപോലെ. അകത്ത്, തേജസ്വിയായ ഒരു സ്ത്രീ കട്ടിലിൽ വിശ്രമിക്കുന്നു.


അവരുടെ അരികിൽ ആശ്വാസമേകിക്കൊണ്ട് വേറൊരാൾ... നിലവിളിക്കിന്റെ വെളിച്ചത്തിൽ ഘനഗാംഭീര്യങ്ങളോടെ ആ മുഖം അവൾക്ക് മുൻപിൽ അനാവൃതമായി.ഒപ്പം കഴുത്തിൽ ചുറ്റിയിരിക്കുന്ന സർപ്പവും...ജടാമകുടങ്ങളും.അവർ അവൾക്കു നേരെ പുഞ്ചിരിച്ചു.പിന്നെ ആ കൈകൾ തന്റെ നെറ്റിത്തടത്തിലേക്കും നീളുന്നതറിഞ്ഞു. അനിർവ്വചനീയമായ ഒരാശ്വാസം ഉള്ളിൽ നിറയുന്നപോലെ...
അപ്പോൾ ഹൃദയം അവളോട് മന്ത്രിച്ചു...
"ദൈവം സ്നേഹമാണ്...സ്നേഹം മാത്രം".

You might also like

  • Lulu Exchange
  • Straight Forward

Most Viewed