മാവോവാദി ബന്ധം: ഡൽഹി സർവകലാശാല പ്രഫസർ സായിബാബ കുറ്റമുക്തൻ
മാവോവാദി ബന്ധമുണ്ടെന്ന കേസിൽ ഡൽഹി സർവകലാശാല പ്രഫസർ സായിബാബ കുറ്റമുക്തൻ. കീഴ്കോടതി വിധിച്ച ജീവപര്യന്തം ശിക്ഷക്കെതിരെ ബോംബെ ഹൈകോടതിയിൽ സായിബാബ നൽകിയ അപ്പീലിൽ വാദം കേട്ട ശേഷമാണ് അദ്ദേഹത്തെ കുറ്റമുക്തനാക്കിയത്. നാഗ്പൂർ ബെഞ്ചിലെ ജസ്റ്റിസുമാരായ വിനയ് ജി. ജോഷി, വാല്മീകി എസ്. മെനെസെസ് എന്നിവരുടേതാണ് വിധി. കഴിഞ്ഞ സെപ്റ്റംബറിൽ വിചാരണ പൂർത്തിയായ കേസ് വിധി പറയാൻ മാറ്റിവെച്ചതായിരുന്നു. മാവോവാദി ബന്ധം ആരോപിച്ച് 2013 ലാണ് അരക്കുതാഴെ ചലനശേഷിയില്ലാത്ത സായിബാബയെ മഹാരാഷ്ട്രയിലെ ഗഡ്ചിറോലി പൊലീസ് അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബർ 14 ന് ജസ്റ്റിസുമാരായ രോഹിത് ദേവ്, അനിൽ പൻസാരെ എന്നിവരുടെ ബെഞ്ച് സായിബാബ അടക്കം അഞ്ചുപേരെ കുറ്റമുക്തരാക്കി. കീഴ്കോടതി വിചാരണയിലെ സാങ്കേതിക പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു വിധി. എന്നാൽ വിധി വന്ന ദിവസം തന്നെ സുപ്രീം കോടതിയെ സമീപിച്ച് മഹാരാഷ്ട്ര സർക്കാർ വിധി മരവിപ്പിക്കുകയായിരുന്നു. കേസിന്റെ യോഗ്യത പരിഗണിക്കാതെ സാങ്കേതികത മാത്രമാണ് പരിഗണിച്ചതെന്ന് പറഞ്ഞാണ് മഹാരാഷ്ട്ര സർക്കാർ അന്ന് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. അന്ന് രാത്രി പ്രത്യേക സിറ്റിങ് നടത്തി സുപ്രീംകോടതി വിധി മരവിപ്പിക്കുകയായിരുന്നു. പിന്നീട് സുപ്രീംകോടതി നിർദേശപ്രകാരം നിലവിലെ ബെഞ്ച് പുതുതായി വാദം കേൾക്കുകയായിരുന്നു.
സായിബാബക്കെതിരെ അധികൃതരുടെ അനുമതി ലഭിക്കും മുമ്പേ യു.എ.പി.എ ചുമത്തി വിചാരണ തുടങ്ങിയത് നിയമവിരുദ്ധമാണെന്നാണ് 2022 ൽ വിധി പറഞ്ഞ ബെഞ്ച് കണ്ടെത്തിയത്. 2017 ൽ ഗഡ്ചിറോലിയിലെ പ്രത്യേക കോടതി സായിബാബ അടക്കം നാലുപേർക്ക് ജീവപര്യന്തവും മറ്റൊരാൾക്ക് പത്തുവർഷം തടവും വിധിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഹൈകോടതി വിധി.
sdfdfdfsdfsds



