ജഗ്ദീപ് ധൻകറിന്‍റെ ക്ഷണം രണ്ടാമതും തള്ളി ഖാർഗെ


ന്യൂഡൽഹി: ഉപരാഷ്ട്രപതിയും രാജ്യസഭ അധ്യക്ഷനുമായ ജഗ്ദീപ് ധൻകറിന്‍റെ കൂടിക്കാഴ്ച നടത്താനുള്ള ക്ഷണം വീണ്ടും തള്ളി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെ. രണ്ടാം തവണയാണ് കൂടിക്കാഴ്ചക്കുള്ള ക്ഷണം ഖാർഗെ നിരസിക്കുന്നത്. ഡൽഹിക്ക് പുറത്തായതിനാൽ കൂടിക്കാഴ്ച സാധിക്കില്ലെന്ന് ഖാർഗെ കത്തിലൂടെ അറിയിച്ചു.

അതേസമയം, ചെയർമാൻ സഭയുടെ സംരക്ഷകനും പാർലമെന്‍ററി അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനുമാണെന്ന് മറുപടി കത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടി. സഭയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാനും പാർലമെന്‍റ് അംഗങ്ങളുടെ പ്രത്യേകാവകാശങ്ങൾ സംരക്ഷിക്കാനും പാർലമെന്റിലെ ചർച്ചകളിലൂടെയും മറുപടികളിലൂടെയും സർക്കാറിന്‍റെ ഉത്തരവാദിത്തം വഹിക്കാനുള്ള ജനങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനും ചെയർമാൻ ബാധ്യസ്ഥനാണ്. ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കിയത് ചരിത്രത്തിലെ തെറ്റായ തീരുമാനമാണെന്നും അത് പ്രതിപക്ഷത്തെ വേദനപ്പെടുത്തിയെന്നും ഖാർഗെ വ്യക്തമാക്കി.

ഡിസംബർ 25ന് കൂടിക്കാഴ്ച നടത്താനായാണ് ജഗ്ദീപ് ധൻകർ മല്ലികാർജുർ ഖാർഗെയെ ക്ഷണിച്ചത്. വൈകിട്ട് നാല് മണിക്ക് ഉപരാഷ്ട്രപതി ഭവനിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചത്. പാർലമെന്‍റ് അതിക്രമ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷ എം.പി.മാരെ ലോക്സഭയിൽ നിന്നും രാജ്യസഭയിൽ നിന്നും കൂട്ടമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതിനെതിരെ പാർലമെന്‍റിന് പുറത്ത് പ്രതിഷേധിക്കവെ തൃണമൂൽ എം.പി കല്യാൺ ബാനർജി രാജ്യസഭ അധ്യക്ഷനെ അനുകരിച്ച് പരിഹസിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ പ്രതികരണം നടത്തിയ ജഗ്ദീപ് ധൻകർ പാർലമെന്റിനെയും ഉപരാഷ്ട്രപതി സ്ഥാനത്തെയും തന്‍റെ സമുദായത്തെയും അപമാനിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്ക് ഊഹിക്കാനാവില്ല. ഇത്രയും വലിയ സംഭവമാണ് നടന്നത്. പദവിയോട് അനാദരവുണ്ടായി. കർഷക സമൂഹം അപമാനിക്കപ്പെട്ടു. എന്റെ സമൂഹം അപമാനിക്കപ്പെട്ടു -ഉപരാഷ്ട്രപതി വ്യക്തമാക്കി. ജഗ്ദീപ് ധൻകറിനെ പരാമർശത്തെ വിമർശിച്ച രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, സഭയിൽ ജാതിവാദമുയർത്തി ജനങ്ങളെ ഭിന്നിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടു. സഭക്കുള്ളിൽ അംഗങ്ങൾക്ക് സംരക്ഷണം നൽകേണ്ടയാളാണ് ചെയർമാൻ. ചെയർമാൻ തന്നെ ഇങ്ങനെ സംസാരിച്ചാൽ പ്രതിപക്ഷനേതാവ് എന്ന നിലയിൽ സഭയിൽ തന്നെ സംസാരിക്കാൻ അനുവദിക്കാത്തത് ദലിത് നേതാവായതുകൊണ്ടാണെന്ന് തനിക്ക് പറയാമോ എന്ന് ഖാർഗെ ചോദിച്ചു.

article-image

sadsadsadsads

You might also like

Most Viewed