മുതിര്‍ന്ന സിപിഐഎം നേതാവ് ബസുദേബ് ആചാര്യ അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന സിപിഐഎം നേതാവും മുൻ പാർലമെന്റ് അംഗവുമായ ബസുദേബ് ആചാര്യ(81) അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗബാധിതനായ അദ്ദേഹം വർഷങ്ങളായി മകനൊപ്പമായിരുന്നു താമസം. സിപിഐഎം മുൻ കേന്ദ്രകമ്മിറ്റി അംഗവും കൺട്രോൾ കമ്മിഷന്റെ മുൻ അധ്യക്ഷനുമാണ് അന്തരിച്ച ബസുദേബ് ആചാര്യ.
മുതിർന്ന ട്രേഡ് യൂണിയൻ നേതാവായിരുന്ന ആചാര്യ 2004 മുതൽ ലോക്‌സഭയിലെ സിപിഐഎം ഗ്രൂപ്പ് നേതാവായിരുന്നു. 1984 മുതൽ 2009 വരെ തുടർച്ചയായി ഒമ്പത് തവണയാണ് ബംഗാളിലെ ബങ്കുര ലോക്സഭാമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് റെക്കോര്‍ഡാണ്. 14 വർഷത്തോളം സിപിഐഎമ്മിന്റെ ലോക്‌സഭാനേതാവായിരുന്നു.
ബംഗാൾ റെയിൽവേ കോൺട്രാക്‌ടർ ലേബർ യൂണിയൻ, എൽഐസി ഏജന്റ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ, പബ്ലിക് അണ്ടർ ടേക്കിങ് അഷ്വറൻസ് കമ്മിറ്റി, ഡിവിസി കോൺട്രാക്ടർ വർക്കേഴ്‌സ് യൂണിയൻ എന്നിവയുടെ പ്രസിഡന്റായിരുന്നു. 25 വർഷം റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റിയിലും ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് ആശയാദർശങ്ങളുമായി ലോക്‌സഭയിൽ ജനകീയ പ്രശ്നങ്ങളവതരിപ്പിക്കുന്നതിൽ നിതാന്തശ്രദ്ധ പുലർത്തി. രാജ്യചരിത്രത്തിലെ പ്രമുഖരായ കമ്യൂണിസ്റ്റ് പാർലമെന്റേറിയന്മാരുടെ പട്ടികയിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. 1942 ജൂലായിൽ ബംഗാളിലെ പുരുലിയയിലാണ് ജനനം. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. റൂറൽ ട്രൈബൽ സൊസൈറ്റി പ്രസ്ഥാനത്തിന്റെയും പ്രചാരണത്തിന്റെയും പ്രധാന വക്താക്കളിൽ ഒരാളായിരുന്നു.
adsadsadsadsads