പുതുച്ചേരിയിൽ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവിനെ വെട്ടിക്കൊന്നു
പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഭർത്താവിനെ പട്ടാപ്പകല്‍ ആറംഗ സംഘം വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കടലൂരിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. പുതുച്ചേരി സ്വദേശിയും മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ മതിയളകനാണ് മരിച്ചത്. ഭാര്യയ്ക്കെതിരേ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ത്രീയുടെ സഹോദരനെ കൊന്ന കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെയാണ് മതിയളകൻ കൊല്ലപ്പെട്ടത്. തലഗുട പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശാന്തിയുടെ ഭർത്താവാണ് കൊല്ലപ്പെട്ട മതിയളകൻ. കഴിഞ്ഞ ദിവസം വൈകിട്ട് മഞ്ഞക്കുപ്പം ശിവക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു മതിയളകൻ. ക്ഷേത്രത്തിനു പുറത്തുവന്ന ഇയാളെ അവിടെ കാത്തുനിന്ന ആറംഗ സംഘം ആക്രമിക്കുകയായിരുന്നു. അക്രമി സംഘത്തെ കണ്ടതോടെ മതിയളകൻ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
തെരഞ്ഞെടുപ്പിൽ മതിയളകന്‍റെ ഭാര്യ ശാന്തിയും മസ്ലാമണി എന്ന സ്ത്രീയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഏതാനും വോട്ടുകളുടെ വ്യത്യാസത്തിൽ ശാന്തി വിജയിച്ചു. പിന്നാലെ ഇരുവിഭാഗവും തമ്മിൽ പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. കടക്കാട് ഗ്രാമത്തിലെ വീടും വള്ളങ്ങളും അഗ്നിക്കിരയാക്കി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മസ്ലാമണിയുടെ സഹോദരൻ മതിവൻ സംഘർഷത്തിൽ കൊല്ലപ്പെട്ടു. ഈ കേസിൽ മതിയളകൻ ഉൾപ്പെടെ 10 പേർ അറസ്റ്റിലായിരുന്നു. ഗ്രാമത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിൽ കഴിഞ്ഞ ദിവസമാണ് ഇവർക്ക് ജാമ്യം ലഭിച്ചത്.
sdadsadsads

