വിവാഹപ്രായം 21: നിയമഭേദഗതി പെൺകുട്ടികളെ വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തംകാലിൽ നിൽക്കാനും പ്രാപ്തമാക്കുമെന്ന് പ്രധാനമന്ത്രി

ലക്നൗ: രാജ്യത്തെ പെൺമക്കളുടെ ഭാവി മുന്നിൽക്കണ്ടുകൊണ്ടാണ് അവരുടെ വിവാഹപ്രായം ഉയർത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹത്തിന് മുൻപ് വിദ്യാഭ്യാസം പൂർത്തിയാക്കാനും സ്വന്തം കാലിൽ നിൽക്കാനും സ്ത്രീകളെ പ്രാപ്തമാക്കുകയാണ് നിയമഭേദഗതിയുടെ ലക്ഷ്യം. കേന്ദ്രസർക്കാരിന്റെ ഈ ലക്ഷ്യമാണ് ചിലർക്ക് വേദനയുണ്ടാക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രയാഗ്‌രാജിൽ സ്ത്രീകളുടെ മഹാറാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സ്ത്രീകളും മികച്ച ഭാവി ആഗ്രഹിച്ചാണ് ജീവിക്കുന്നത്. അവർ ഒരുപാട് മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുണ്ട്. അവരുടെ ഉയർച്ചയ്‌ക്ക് വിവാഹം ഒരു തടസ്സമാകരുത്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്നത്. ആരെയാണ് ഈ പദ്ധതി വേദനിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. രാജ്യത്തെ പെൺകുട്ടികളുടെ ആഗ്രഹ പ്രകാരമാണ് വിവാഹ പ്രായം 21ആയി ഉയർത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.