ബ്ലൂടൂത്ത് ഉപകരണങ്ങൾ ഘടിപ്പിച്ച ചെരുപ്പുമായി പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമം: അഞ്ചു പേർ പിടിയിൽ

ജയ്പുർ: ബ്ലൂടൂത്ത് ഉപകരണങ്ങൾ ഘടിപ്പിച്ച ചെരുപ്പുമായി പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ച അഞ്ചു പേർ രാജസ്ഥാനിൽ പിടിയിൽ. സർക്കാർ സ്കൂളിലേക്ക് അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള പരീക്ഷയിലാണ് ഹൈടെക്ക് കോപ്പിയടി പിടികൂടിയത്. ചെരുപ്പുകൾക്കിടയിൽ ബ്ലൂടൂത്ത് ഘടിപ്പിച്ചാണ് കോപ്പിയടിക്കാൻ ശ്രമിച്ചത്. പിടിയിലായവരിൽ മൂന്നു പേർ പരീക്ഷ എഴുതാൻ എത്തിയവരും മറ്റു രണ്ടു പേർ പരീക്ഷയിൽ കൃത്രിമം കാണിക്കുന്നതിന് സഹായിക്കാൻ എത്തിയവരുമാണെന്ന് പോലീസ് പറഞ്ഞു.
ചെരുപ്പിന്‍റെ ഉള്ളിൽ ഒരു മുഴുവൻ ഫോണും ഒരു ബ്ലൂടൂത്ത് ഉപകരണവും ഉണ്ടായിരുന്നു. പരീക്ഷാർത്ഥിയുടെ ചെവിയിലും ഒരുപകരണം ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. അട്ടിമറി സാധ്യതകൾ മുന്നിൽകണ്ട് പരീക്ഷ നടക്കുന്ന പ്രദേശത്ത് സർക്കാർ ഇന്‍റർനെറ്റ് സേവനം നിർത്തലാക്കിയിരുന്നു.