കൊറോണയുടെ ഡെൽറ്റ പ്ലസ് വകഭേദം; മുംബൈയിൽ ആദ്യ മരണം സ്ഥിരീകരിച്ചു
മുംബൈ: മുംബൈയിൽ കൊറോണയുടെ ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. 63കാരിയായ സ്ത്രീയാണ് മരിച്ചതെന്ന് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ മാസം അവസാനമാണ് കൊറോണയെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിൽ ഡെൽറ്റ പ്ലസ് വകഭേദമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് പരിശോധന ഫലം ലഭിച്ചത്. അതിവ്യാപന ശേഷിയുള്ളതാണ് കൊറോണയുടെ ഡെൽറ്റ പ്ലസ് വകഭേദം.
മരിച്ച സ്ത്രീ രണ്ട് വാക്‌സിനും എടുത്തതാണെന്നും, പുറത്ത് എവിടേക്കും യാത്ര പോയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. കൊറോണ ബാധിക്കുന്നതിന് മുൻപ് തന്നെ ഇവർക്ക് നെഞ്ചിൽ അണുബാധ ഉണ്ടായിരുന്നു. ഇതിന് ചികിത്സ തേടിയിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ഇവർ മരിച്ചത്.
ഇവരുടെ കുടുംബാംഗങ്ങളായ ആറ് പേർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ രണ്ട് പേരുടേത് കൊറോണ ഡെൽറ്റ പ്ലസ് വകഭേദമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേരുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. ആരുടേയും സ്ഥിതി ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു. ഡെൽറ്റ പ്ലസ് വകഭേദത്തെ തുടർന്നുള്ള രണ്ട് മരണമാണ് മഹാരാഷ്‌ട്രയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. മുംബൈയിൽ ഡെൽറ്റ പ്ലസ് ബാധിച്ച 11 കേസുകളാണ് ഉള്ളത്.

