മുൻകൂർ നോട്ടീസ് നൽകിയശേഷമേ അർണബിനെ അറസ്റ്റ്ചെയ്യാവൂ എന്ന് മുംബൈ ഹൈക്കോടതി
മുംബൈ: ടിആർപി അഴിമതിക്കേസിൽ റിപ്പബ്ലിക്കൻ ടിവി എഡിറ്റർ അർണബ് ഗോസ്വാമിക്ക് ആശ്വാസമായി ബോംബെ ഹൈക്കോടതി വിധി. മുൻകൂർ നോട്ടീസ് നൽകിയശേഷമേ അർണബിനെ അറസ്റ്റ്ചെയ്യാവൂ എന്നു മുംബൈ പോലീസിനു നിർദേശം നൽകിയ കോടതി, മൂന്നുമാസമായി അന്വേഷണം തുടരുന്നുണ്ടെങ്കിലും അർണബിനെ പ്രതിചേർത്തിട്ടില്ലെന്നും നിരീക്ഷിച്ചു. അന്വേഷണം നേരിടുന്നതിനാൽ പ്രത്യേകസംരക്ഷണം ആവശ്യപ്പെടാനാവില്ലെന്ന സർക്കാർ അഭിഭാഷകന്‍റെ വാദം തള്ളിയ ജസ്റ്റീസ് എസ്.എസ്. ഷിൻഡെയും ജസ്റ്റീസ് മനീഷ് പിതേലും അടങ്ങുന്ന ബെഞ്ച് , കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന സംശയം മാത്രമുള്ള സാഹചര്യത്തിൽ അറസ്റ്റ് എന്ന വാൾ തലയ്ക്കുമുകളിൽ പ്രതിഷ്ഠിക്കേണ്ടതില്ലെന്നും വ്യക്തമാക്കി.
അർണബിനും എആർജി ഔട്ട്‌ലെയർ മീഡിയയ്ക്കുമെതിരേയുള്ള അന്വേഷണം വഞ്ചനാപരമാണെന്നാണു അർണബിന്‍റെ അഭിഭാഷകന്‍റെ വാദം. അർണബ് ഉൾപ്പെടെയുള്ളവരെ പ്രതികളെന്നു സംശയിക്കുന്നു എന്നാണു കുറ്റപത്രത്തിൽ പരാമർശിക്കുന്നതെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു.

