കോവിഡ്‍ വ്യാപനം; ഭോപ്പാൽ, ഇൻഡോർ എന്നിവിടങ്ങളിൽ രാത്രി നിരോധനം ഏർപ്പെടുത്തി

ഭോപ്പാൽ: മധ്യപ്രദേശിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തലസ്ഥാന നഗരമായ ഭോപ്പാൽ, വാണിജ്യ നഗരമായ ഇൻഡോർ എന്നിവിടങ്ങളിൽ ബുധനാഴ്ച മുതൽ രാത്രി നിരോധനം ഏർപ്പെടുത്തി. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മറ്റ് എട്ട് നഗരങ്ങളിൽ രാത്രി 10ന് വാണിജ്യ സ്ഥാപനങ്ങൾ അടക്കും. വൈറസ് വർദ്ധിക്കുന്ന മഹാരാഷ്ട്രയിൽ നിന്ന് ആളുകൾ സംസ്ഥാനത്തേക്ക് എത്തുന്ന സാഹചര്യമൊഴിവാക്കാനാണ് നടപടി.
മഹാരാഷ്ട്രയിൽ നിന്നെത്തുന്ന യാത്രക്കാർക്ക് തെർമൽ സ്കാനിംഗ് പരിശോധനയും ഏഴ് ദിവസത്തെ ഹോം ക്വാറന്‍റൈനും നിർബന്ധമാക്കും. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ജബൽപുർ, ഗ്വാളിയോർ, ഉജ്ജൈൻ, രത്ലം, ഛിന്‍ദ്വാര, ബുർഹന്‍പുർ, ബേതുൽ, ഖർഗോൺ എന്നീ നഗരങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.