സദ്ദാം ഹുസൈനും ഗദ്ദാഫിയും തെരഞ്ഞെടുപ്പിൽ വിജയിച്ചവരാണ്; മോദിയെ ലക്ഷ്യമിട്ട് രാഹുലിന്റെ പ്രസ്താവന

ന്യൂഡൽഹി: ഇറാക്കി പ്രസിഡന്‍റ് ആയിരുന്ന സദ്ദാം ഹുസൈനും ലിബിയൻ ഏകാധിപതി ഗദ്ദാഫിയും തെരഞ്ഞെടുപ്പിൽ വിജയിച്ചവരാണെന്ന് കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്‍റെ വിമർശനം. ബ്രൗൺ സർവകലാശാല പ്രൊഫസർ അശുതോഷ് വർഷനെയുമായുള്ള അഭിമുഖത്തിനിടെയാണ് രാഹുൽ ഇക്കാര്യം പരാമർശിച്ചത്. സദ്ദാം ഹുസൈനും ഗദ്ദാഫിയും തെരഞ്ഞെടുപ്പ് നടത്താറുണ്ടായിരുന്നു. അവർ അതിൽ വിജയിക്കുകയും ചെയ്തിരുന്നു. അവിടെ രേഖപ്പെടുത്തുന്ന വോട്ട് സംരക്ഷിക്കാൻ ആവശ്യമായ അടിസ്ഥാന ചട്ടകൂടുകളില്ലായിരുന്നു.
ഒരു വോട്ടിംഗ് മെഷീനിൽ ബട്ടണ്‍ അമർത്തുന്നതോടെ തീരുന്ന പ്രക്രിയയല്ല വോട്ടിംഗ്. രാജ്യം ശരിയായ ചട്ടകൂടിനുള്ളിലാണ് പ്രവർത്തിക്കുന്നതെന്ന ഉറപ്പുവരുത്തലാണ് ഓരോ തെരഞ്ഞെടുപ്പും. ജുഡീഷറി നീതിയുക്തമായി പ്രവർത്തിക്കുന്നു എന്നതും പാർലമെന്‍റിൽ ശരിയായ ചർച്ചകൾ നടക്കുന്നു എന്നത് ഉറപ്പുവരുത്തലുമാണ് ഓരോ തെരഞ്ഞെടുപ്പും− രാഹുൽ പറഞ്ഞു.