രാഹുൽ ഗാന്ധി വടക്കേ ഇന്ത്യക്കാർക്കെതിരേ വിഷം ചീറ്റുന്നുവെന്ന് ജെ.പി. നദ്ദ

ന്യൂഡൽഹി: കേരളത്തിലെ വോട്ടർമാർ വടക്കേ ഇന്ത്യയിൽ നിന്ന് വ്യത്യസ്തമെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരേ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ. രാഹുൽ വടക്കേ ഇന്ത്യക്കെതിരേ വിഷം ചീറ്റുകയാണെന്ന് നദ്ദ പറഞ്ഞു. കുറച്ചു കാലം രാഹുൽ ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്തിനെതിരേ വിഷം വിതറി. ഇന്ന് വടക്കേ ഇന്ത്യക്കെതിരേയാണ് അദ്ദേഹം തിരിഞ്ഞിരിക്കുന്നത്. രാഹുലിന്‍റെ ഈ രാഷ്ട്രീയം ജനങ്ങൾ നിരസിച്ചതാണ്. ഗുജറാത്തിൽ എന്താണ് സംഭവിച്ചതെന്ന് രാഹുൽ കാണേണ്ടതാണെന്നും നദ്ദ പറഞ്ഞു. നേരത്തേ, കേന്ദ്രമന്ത്രി ഗിരിരാജ് സിംഗും രാഹുലിനെതിരേ രംഗത്തെത്തിയിരുന്നു. രാഹുൽ ഇന്ത്യയെ വെട്ടിമുറിച്ച് തെക്ക്, വടക്ക് വിഭജനമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു.