ബംഗാളിൽ തൃണമൂൽ മന്ത്രിക്ക് നേരെ ബോംബാക്രമണം
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ മന്ത്രിക്ക് നേരെ ബോംബാക്രമണം. മുർഷിദാബാദിലെ നിംതിത റെയിൽവേ േസ്റ്റഷന് പുറത്തുവെച്ച് തൊഴിൽ സഹമന്ത്രി സാകിർ ഹുസൈന് നേരെയാണ് ബോംബാക്രമണമുണ്ടായത്. അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സാകിർ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റി. അക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. മന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന ജംഗീപൂർ എംഎൽഎ ഉൾപ്പെടെയുള്ള രണ്ട് പേർക്കും അക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാത്രി പത്ത് മണിയോടെ കൊൽക്കത്തയിലേക്ക് യാത്ര തിരിക്കാനായി നിംതിത റെയിൽവേ േസ്റ്റഷനിലെത്തിയപ്പോഴാണ് മന്ത്രി ഉൾപ്പെട്ട സംഘത്തിന് നേരെ ബോംബാക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ ഉടൻ ജംഗീപൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിയെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റുമെന്ന് തൃണമൂൽ കോൺഗ്രസ് മുർഷിദാബാദ് ജില്ലാ പ്രസിഡണ്ട് അബു തഹേർ ഖാൻ പറഞ്ഞു. അക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ആരോപണം ബിജെപി ബംഗാൾ അദ്ധ്യക്ഷന് ദിലീപ് ഘോഷ് നിഷേധിച്ചു.
സംഭവ സ്ഥലത്ത് വലിയ തോതിൽ പോലീസ് നിലയുറപ്പിച്ചിട്ടുണ്ട്. മുർഷിദാബാദ് മേഖലയിൽ ഏതാനം മാസങ്ങളായി രാഷ്ട്രീയ പാർട്ടികൾ തമ്മിൽ സംഘർഷം നിലനിൽക്കുകയാണ്. ഇതിന് പിന്നാലെയാണ് മന്ത്രിക്ക് നേരെ ബോംബാക്രമണമുണ്ടായത്. കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ അക്രമണത്തെ അപലപിച്ചു.

