കേരളത്തിൽ നിന്നുള്ളവർക്ക് കോവിഡ് പരിശോധന നിർബന്ധം
ബംഗളൂരു: ബംഗളൂരുവിൽ കോവിഡ് വ്യാപിക്കുന്നു. തിങ്കളാഴ്ച ബെംഗളൂരു− ചെന്നൈ റോഡിലെ ബൊമ്മനഹള്ളിയിലെ ഒരു അപ്പാർട്ട്മെന്റിലെ 103 താമസക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. നിലവിലെ സാഹചര്യത്തിൽ കണ്ടെയ്ൻമെന്റ് പ്രദേശങ്ങളായി പ്രഖ്യാപിക്കുന്നതിന് പുതിയ മാനദണ്ഡം കൊണ്ടുവന്നിരിക്കുകയാണ് സർക്കാർ. ഒരു പ്രദേശത്ത് അഞ്ചോ അതിൽ അധികമോ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ അവിടെ കണ്ടെയ്ൻമെന്റ് മേഖലയായി പ്രഖ്യാപിക്കുമെന്ന് പുതിയ ഉത്തരവിൽ പറയുന്നു. അപ്പാർട്ട്മെന്റിൽ നടന്ന ഒരു പാർട്ടിയിൽ പങ്കെടുത്തവർക്കാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡെറാഡൂണിലേക്ക് യാത്ര പോകുന്നതിന് മുൻപായി ഈ അപ്പാർട്ട്മെന്റിലെ ഒരു കുടുംബം പരിശോധന നടത്തിയപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് അധികൃതർ അപ്പാർട്ട്മെന്റിലെ 1052 പേരെ കൂടി കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. ഇതിൽ 103 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എല്ലാവരെയും ക്വറന്റീനിലേക്ക് മാറ്റി. ഗുരുതര ലക്ഷണങ്ങളുള്ള ഒരാളെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ സാംപിളുകൾ നിംഹാൻസ് അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് അയച്ചു. കോവിഡ് സ്ഥിരീകരിച്ചവരിൽ 96 പേരും അറുപത് വയസ്സിന് മുകളിലുള്ളവരാണ്. എട്ടുപേർ 60 വയസിന് താഴെയുള്ളവരും.
ഫെബ്രുവരി 14ന് ബെംഗളൂരുവിലെ കാവൽ ഭൈരാസാന്ദ്രയിലെ നഴ്സിങ് കോളജിലെ 40 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേരളത്തിലെ സന്ദർശനത്തിനിടെയാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇതിനുശേഷം കേരളത്തിൽ നിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന സർക്കാർ നിർബന്ധമാക്കിയിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള വിനോദസഞ്ചാരിയാണെങ്കിലും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ മാത്രമേ കർണാടകത്തിലേക്ക് പ്രവേശനം അനുവദിക്കൂ. കഴിഞ്ഞ ദിവസങ്ങളിൽ രോഗം സ്ഥിരീകരിച്ചവർക്ക് ലക്ഷണങ്ങളൊന്നും തന്നെയില്ല. ഇവർക്ക് ദിവസവും അവശ്യസാധനങ്ങളെത്തിക്കുന്നവരെയും അധികൃതർ നിരീക്ഷിച്ചുവരികയാണ്.
പുതിയതായി കോവിഡ് പടർന്നുപിടിക്കുന്പോഴും ആറു മുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കുള്ള ക്ലാസുകൾ ഫെബ്രുവരി 22ന് പുനഃരാരംഭിക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഈ കുട്ടികളുടെ മാതാപിതാക്കൾ ആശങ്കയിലാണ്.

