കാർഷിക നിയമം കർഷകരെ ശാക്തീകരിക്കും: നിലപാടിലുറച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമം നടപ്പാക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരെ ശാക്തീകരിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം കൊണ്ടുവന്നത്. ഉത്പന്നങ്ങൾ എവിടെയും വിൽക്കാനുള്ള സ്വാതന്ത്ര്യമാണ് നിയമങ്ങളിലൂടെ ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ചൗരി ചൗര ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന വേളയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. രാജ്യത്തിന്‍റെ പുരോഗതിക്ക് പിന്നിൽ കർഷകരാണ്. കഴിഞ്ഞ ആറു വർഷത്തിനിടെ കർഷകർക്കായി നിരവധി കാര്യങ്ങൾ ചെയ്തു. ഇതിനാൽ കോവിഡ് സമയത്ത് പോലും കാർഷിക മേഖല വളർന്നുവെന്നും മോദി പറഞ്ഞു.
കർഷക സമരത്തിന് ആഗോളതലത്തിൽ തന്നെ പിന്തുണ ലഭിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. പോപ് താരങ്ങളും അന്താരാഷ്ട്ര പരിസ്ഥിതി പ്രവർത്തകരും കർഷക സമരത്തെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചും വന്നുകൊണ്ടിരിക്കുകയാണ്. ട്വീറ്ററിലും മോദി സർക്കാർ രൂക്ഷ വിമർശനമാണ് നേരിടുന്നത്.

