ദിപ് സിദ്ധുവിനെ പിടിക്കാൻ സഹായിച്ചാൽ ഒരു ലക്ഷം രൂപ!!!
ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിയുടെ മറവിൽ ഉണ്ടായ കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ദിപ് സിദ്ധുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് ഡൽഹി പോലീസ്. നടനെ പിടിച്ച് കൊടുക്കുകയോ അറസ്റ്റ് ചെയ്യാൻ സഹായിക്കുകയോ ചെയ്യുന്നവർക്കാണ് ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തത്. ഡൽഹി പോലീസ് ദീപ് സിദ്ധുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിലാണ്.
ദിപ് സിദ്ധുവിനൊപ്പം ജുഗ്‌രാജ്, ഗുർജോക് സിംഗ്, ഗുർജന്ത് സിംഗ് എന്നിവരേയും പോലീസ് തിരയുന്നുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാൻ സഹായിക്കുകയോ വിവരം നൽകുകയോ ചെയ്യുന്നവർക്ക് 50,000 രൂപ വീതമാണ് പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
ചെങ്കോട്ടയിൽ അക്രമം നടത്തിയതും ഖാലിസ്ഥാൻ പതാക ഉയർത്തിയതും ദിപ് സിദ്ധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ആ സമരവുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് അതിർത്തിയിൽ പ്രതിഷേധിക്കുന്ന സംഘടനകൾ അറിയിച്ചിരുന്നു. സമരം നടത്തുന്ന സംയുക്ത കിസാൻ മോർച്ച എല്ലാ പ്രശ്‌നങ്ങൾക്കും കാരണക്കാരനായി ചൂണ്ടിക്കാട്ടുന്നതും ദിപ് സിദ്ധുവിനെയാണ്. എന്നാൽ അവരുടെ ആരോപണങ്ങൾ തള്ളി ദിപ് സിദ്ധു സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ദേശീയ പതാക അഴിച്ചുമാറ്റിയില്ലെന്നാണ് ദിപ് സിദ്ധുവിന്റെ വാദം.

