മോദിയുടെ ആശയങ്ങൾ വലുത്; പ്രവൃത്തി ചെറുത്: ശശി തരൂർ

ജയ്പൂർ: വലിയ പ്രസംഗങ്ങൾ നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവ നടപ്പാക്കുന്ന കാര്യത്തിൽ ഏറെ പിന്നാക്കമാണെന്നു ശശി തരൂർ എംപി. വലിയ ആശയങ്ങളൊക്കെ മോദി മുന്നോട്ടുവയ്ക്കുന്നുണ്ട്. എന്നാൽ അവ നടപ്പാക്കാൻ ശ്രദ്ധ കാണിക്കുന്നില്ല. സ്വകാര്യ ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു തരൂർ.
രോഗം കണ്ടുപിടിച്ചിട്ട് ചികിൽസ നടത്താൻ അറിയാത്ത ഡോക്ടറുടെ സ്ഥിതിയാണ് മോദിക്ക്. സ്വച്ഛ് ഭാരത് പോലുള്ള കാര്യങ്ങൾ വെറും ഫോട്ടോയെടുക്കൽ ചടങ്ങു മാത്രമായി മാറിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാക്കിസ്ഥാനിൽ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾക്ക് കൂടുതൽ അധികാരം ഉപയോഗിക്കാൻ കഴിയാത്ത കാലത്തോളം ആ രാജ്യവുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ലെന്നും തരൂർ പറഞ്ഞു.
ഇന്ത്യയിൽ രാജ്യരക്ഷയ്ക്കാണ് പട്ടാളത്തിൽ ചേരുന്നത്. പാക്കിസ്ഥാനിലാകട്ടെ രാജ്യം ഭരിക്കുന്നതിനും. ഇന്ത്യയിൽ രാജ്യത്തിന് ഒരു സേനയുണ്ട് എന്നതാണ് സ്ഥിതിയെങ്കിൽ പാക്കിസ്ഥാന്റെ കാര്യത്തിൽ പട്ടാളത്തിന് ഒരു രാജ്യമുണ്ട് എന്നതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു.