ലൈറ്റ് മെട്രോ കണ്‍സള്‍ട്ടന്റായി ഡിഎംആര്‍സിയെ ചുമതലപ്പെടുത്തി


തിരുവനന്തപുരം: ലൈറ്റ് മെട്രോയില്‍ ഡി.എം.ആര്‍.സിയെ പ്രാരംഭ ജോലികള്‍ക്കുള്ള കണ്‍സള്‍ട്ടന്റാക്കി . ഇക്കാര്യം അറിയിച്ച് കേന്ദ്രത്തിന് സംസ്ഥാനം പുതിയ കത്തയച്ചു .അതേ സമയം ഡി.എം.ആര്‍.സിയെ നിര്‍മാണത്തിനുള്ള ചുമതലക്കാരാക്കിയിട്ടില്ല.
കഴിഞ്ഞ മാസം പന്ത്രണ്ടിലെ ഈ കത്ത് വിവാദമായ സാഹചര്യത്തിലാണ് പൊതുമരാമത്ത് സെക്രട്ടറി പുതിയ കത്തയച്ചത്. കോഴിക്കോട് , തിരുവനന്തപുരം ലൈറ്റ് മെട്രോയില്‍ ഡി.എം.ആര്‍.സി പ്രാരംഭ ജോലികള്‍ക്കുള്ള ചുമതലക്കാരായിരിക്കുമെന്ന് ഇതിലുണ്ട്. അതായത് ഭൂമി ഏറ്റെടുക്കല്‍, പൈപ്പ് മാറ്റല്‍ തുടങ്ങിയ ജോലികള്‍ക്കുള്ള ചുമതലക്കാര്‍.എന്നാല്‍ ഡി.എം.ആര്‍.സിയെ നിര്‍മാണ ചുമതലക്കാരാക്കി കത്തയക്കണമെന്ന ശക്തമായ ആവശ്യം നടപ്പായില്ല.
ടെന്ററില്ലാതെ ഡി.എം.ആര്‍.സിയെ ഏല്‍പ്പിക്കാനാവില്ലെന്ന ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ നിലപാടാണ് കാരണം. അതേ സമയം കൊച്ചി മെട്രോ മാതൃകയില്‍ ലൈറ്റ് മെട്രോ നടപ്പാക്കുമെന്ന് കത്തിലുണ്ട്. 20 ശതമാനം വീതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതം, അറുപത് ശതമാനം വായ്പ എന്ന നിലയില്‍ പദ്ധതി നടപ്പാക്കും . രാവിലെ മുഖ്യമന്ത്രി ഇ.ശ്രീധരനുമായി ഫോണില്‍ ചര്‍ച്ച നടത്തി. കത്ത് മുഖ്യമന്ത്രി ശ്രീധരനെ വായിച്ചു കേള്‍പ്പിച്ചതായി അറിയുന്നു . പുതിയ കത്തിലുള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ നിര്‍ദേശിച്ച് ശ്രീധരന്‍ സര്‍ക്കാരിന് കുറിപ്പ് നല്‍കിയിരുന്നു.
പങ്ക് വ്യക്തമാക്കിയില്ലെങ്കില്‍ ലൈറ്റ് മെട്രോയ്ക്കായി തുറന്ന ഓഫിസുകള്‍ പൂട്ടുമെന്ന മുന്നറിയിപ്പും ഡി.എം.ആര്‍.സി നല്‍കി . പുതിയ കത്തോടെ ഡി.എം.ആര്‍.സിയെ പൂര്‍ണമായി ഒഴിവാക്കിയെന്ന വിവാദം തല്‍ക്കാലത്തേയ്ക്ക് സര്‍ക്കാരിന് മറികടക്കാം.
അതേ സയമം കേരളത്തിലെ ലൈറ്റ് മെട്രോ പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ തകേഷി യാഗി അറിയിച്ചു. ഇ ശ്രീധരന്‍ പദ്ധതിക്ക് നേതൃത്വം നല്‍കുകയാണെങ്കില്‍ വായ്പ നല്‍കുന്നതിന് ജപ്പാന് എതിര്‍പ്പില്ല. ശ്രീധരന്റെ പ്രവര്‍ത്തനങ്ങളില്‍ ജപ്പാന് പൂര്‍ണവിശ്വാസമുണ്ടെന്നും അംബാസഡര്‍ തകേഷി യാഗി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.