ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്
ന്യൂഡൽഹി: പരീക്ഷണ കൊവിഡ് വാക്‌സിൻ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രിക്ക് കൊവിഡ്. മന്ത്രി അനിൽ വിജിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബർ 20ന് മന്ത്രി ഭാരത് ബയോടെക്കിന്റെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു. മന്ത്രിയെ അമ്പാല സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊവിഡ് വാക്സിൻ പരീക്ഷണത്തിന് തയാറെന്ന് അനില് വിജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ശേഷമായിരുന്നു കുത്തിവയ്പ്. ഇന്ത്യൻ കമ്പനിയായ ഭാരത ബയോടെക് തങ്ങളുടെ വാക്സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിലെത്തിയെന്ന് അറിയിച്ചിരുന്നു. ഭാരത് ബയോടെക്കിന്റെ വാക്സിൻ സ്വീകരിക്കാൻ സന്നദ്ധനാണെന്ന് അറിയിച്ചതായി അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
26000 പേരിലായിരിക്കും പരീക്ഷണം നടക്കുകയെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിൽ നടന്നതിൽ വച്ച് ഏറ്റവും വലിയ മരുന്ന് പരീക്ഷണമാണിത്. ഹൈദരാബാദ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടെ വാക്സിന്റെ പേര് കോവാക്സിനെന്നാണ്. ഇന്ത്യന് കൗണ്സിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ സഹകരണത്തോടെയാണ് പരീക്ഷണം.

