രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: 2020 ലെ രാജ്യത്തെ മികച്ച 10 പോലീസ് സ്റ്റേഷനുകൾ പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കൊറോണ വ്യാപനത്തിനിടയിലെ പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിയാണ് ആഭ്യന്ത്ര മന്ത്രാലയം പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പോലീസ് സ്റ്റേഷനുകളുടെ കൂടുതൽ ഫലപ്രദമായ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിനും അവയ്ക്കിടയിൽ ആരോഗ്യകരമായ മത്സരം കൊണ്ടുവരുന്നതിനുമായാണ് കേന്ദ്ര സർക്കാർ എല്ലാ വർഷവും രാജ്യത്തുടനീളം മികച്ച പ്രകടനം നടത്തുന്ന പോലീസ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുന്നത്.
rn
മണിപ്പൂരിലെ തൗബാൽ ജില്ലയിലുള്ള നോങ്‌പോക്സെക്മയി പോലീസ് സ്റ്റേഷനാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. തമിഴ്‌നാട്ടിലെ സേലം സിറ്റിയിലെ എ.ഡബ്ല്യു.പി.എസ്-സുരമംഗലമാണ് രണ്ടാം സ്ഥാനത്ത്. അരുണാചൽ പ്രദേശിലെ ചാംഗ്ലാങ് ജില്ലയിലുള്ള ഖർസാങ് സ്റ്റേഷൻ മൂന്നാം സ്ഥാനത്തും ഛത്തീസ്ഗഡിലെ സൂരജ്പൂർ ജില്ലയിലെ ജിൽമിലി സ്റ്റേഷൻ നാലാം സ്ഥാനത്തും ഗോവയിലെ ദക്ഷിണ ഗോവ ജില്ലയിലുള്ള സാങ്കും സ്റ്റേഷൻ അഞ്ചാം സ്ഥാനത്തുമാണ്.
rn
ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നോർത്ത് & മിഡിൽ ആൻഡമാൻ ജില്ലയിലുള്ള കാളിഘട്ട് സ്റ്റേഷനാണ് പട്ടികയിൽ ആറാമതുള്ളത്. സിക്കിമിലെ കിഴക്കൻ ജില്ലയിലുള്ള പക്യോങ് സ്റ്റേഷൻ ഏഴാം സ്ഥാനത്തും ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലയിലുള്ള കാന്ത് സ്റ്റേഷൻ എട്ടാം സ്ഥാനത്തും ദാദ്ര & നഗർ ഹവേലിയിലെ ഖാൻവേൽ സ്റ്റേഷൻ ഒൻപതാം സ്ഥാനത്തും തെലങ്കാനയിലെ കരിംനഗർ ജില്ലയിലുള്ള ജമ്മികുന്ത ടൗൺ പോലീസ് സ്റ്റേഷൻ പത്താം സ്ഥാനത്തുമാണുള്ളത്.
rn
2015 ൽ ഗുജറാത്തിലെ കച്ചിൽ നടന്ന കോൺഫറൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ അനുസരിച്ചാണ് രാജ്യത്തെ പോലീസ് സ്റ്റേഷനുകൾക്ക് റാങ്കിംഗ് നൽകാൻ തീരുമാനിച്ചത്. പോലീസ് സ്റ്റേഷനുകൾ ഗ്രേഡുചെയ്യുന്നതിന് ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ അവയുടെ പ്രകടനം വിലയിരുത്തി റാങ്കിംഗ് നൽകണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ നിർദ്ദേശം.

