മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യയിൽ നിന്നുള്ള അരി ഇറക്കുമതി പുനരാരംഭിച്ച് ചൈന
ന്യൂഡൽഹി : അതിർത്തി സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയിൽ നിന്നുളള അരി ഇറക്കുമതി പുനരാരംഭിച്ച് ചൈന . മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ചൈന ഇന്ത്യയിൽ നിന്നുളള അരി ഇറക്കുമതി പുനരാരംഭിച്ചത്.
വിതരണ ശൃംഖലകൾ കുറഞ്ഞതോടെ മറ്റ് വഴികളില്ലാതായതോടെയാണ് ചൈന ഇന്ത്യയിൽ നിന്ന് അരി ഇറക്കുമതി ആരംഭിച്ചത്. അതിർത്തി തർക്കം കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കൂടുതലുള്ള സമയത്താണ് സമയത്താണ് ഈ നീക്കം. ഒരു ടണ്ണിന് ഏകദേശം 300 ഡോളർ നിരക്കിൽ ഒരുലക്ഷം ടൺ അരി ഡിസംബർ-ഫെബ്രുവരിയിൽ കയറ്റുമതി ചെയ്യാനാണ് വ്യാപാരികൾ കരാറുണ്ടാക്കിയതെന്ന് അധികൃതർ അറിയിച്ചു.
ലോകത്ത് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയും, ഏറ്റവും കൂടുതൽ അരി ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയുമാണ്. ഏകദേശം 4 മില്ല്യൺ ടൺ അരി വർഷംതോറും ചൈന ഇറക്കുമതി ചെയ്യുന്നുണ്ട്. അരിയുടെ ഗുണനിലവാര പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് നേരത്തെ ഇന്ത്യയിൽ നിന്നുളള അരി ചൈന വാങ്ങാതിരുന്നത്.
എന്നാൽ ഇന്ത്യൻ വിളയുടെ ഗുണനിലവാരം കണ്ട് അടുത്ത വർഷം മുതൽ ചൈന ഇറക്കുമതി വർദ്ധിപ്പിക്കുമെന്ന് , ”റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ബി.വി.കൃഷ്ണ റാവു പറഞ്ഞു. ചൈനയുടെ പരമ്പരാഗത വിതരണക്കാരായ തായ്ലാൻഡ്, വിയറ്റ്നാം, മ്യാൻമർ, പാകിസ്ഥാൻ എന്നിവിടങ്ങളിൽ കയറ്റുമതിക്കായി മിച്ച ശേഖരം പരിമിതമാണ്. ഇന്ത്യയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ രാജ്യങ്ങളിൽ ടണ്ണിന് കുറഞ്ഞത് 30 ഡോളർ അധികമാണെന്നും അരി വ്യാപാരികൾ പറയുന്നു.

