അതിർത്തിയിൽ സേനാവിന്യാസം ശക്തമാക്കി ഇന്ത്യ: കരസേനാമേധാവി ലഡാക്കിൽ
ലഡാക്ക്: അതിർത്തിയിൽ ചൈനയുടെ പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണരേഖയിൽ നിന്ന് ഒരിഞ്ച് പോലും മുന്നോട്ട് ചൈനീസ് സൈന്യം കയറാതിരിക്കാൻ അതീവജാഗ്രതയുമായി ഇന്ത്യ. മേഖലയിൽ ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കി. നിലവിൽ അതിർത്തിയിലെ സ്ഥിതി വിലയിരുത്താൻ കരസേനാമേധാവി ജനറൽ മനോജ് മുകുന്ദ് നരവനെ ലഡാക്കിലെത്തി. ഒരു ദിവസത്തെ സന്ദർശനത്തിൽ, സീനിയർ ഫീൽഡ് കമാൻഡർമാർ കരസേനാമേധാവിയോട് അതിർത്തിയിലെ സൈനികവിന്യാസം എങ്ങനെയെന്ന് വിശദീകരിക്കും.
ചുൽസുൽ സെക്ടറിലേക്ക് കൂടുതൽ സൈനികട്രൂപ്പുകളെ ഇറക്കി ചൈന നടത്തിയ പ്രകോപനനീക്കം ചെറുക്കാനാണ് ഇന്ത്യയും 1597 കിലോമീറ്റർ നീളമുള്ള നിയന്ത്രണരേഖയിൽ കൂടുതൽ സൈനികവിന്യാസം നടത്തിയിരിക്കുന്നത്. അക്‍സായ് ചിൻ മേഖലയിൽ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വിമാനങ്ങൾ നിരവധി തവണ എത്തുന്നുണ്ട്.
മേഖലയിലെ സൈനികബേസ് ക്യാന്പുകൾ ചൈന ശക്തിപ്പെടുത്തുന്പോൾ, സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സിൽ നിന്ന് കൂടുതൽ സൈനികരെ ഇന്ത്യയും അതിർത്തിയിലെത്തിക്കുന്നു. 1962-ലെ ഇന്ത്യ ചൈന യുദ്ധത്തിന് ശേഷം രൂപീകരിച്ച സേനാവിഭാഗമാണ് സ്പെഷ്യൽ ഫ്രോണ്ടിയർ ഫോഴ്സ്. അഞ്ച് ദിവസം മുന്പ്, പാങ്ഗോങ് തടാകത്തിന്‍റെ തെക്ക് ഭാഗത്ത് ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നുകയറി സ്ഥാനമുറപ്പിക്കാനുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കം മുൻകൂട്ടി കണ്ട് തടയിട്ടത് എസ്എഫ്എഫ് സൈനികരാണ്. ചൈനയുടെ ഈ പ്രകോപനത്തിന് ശേഷം, അതിർത്തിയിലെ എല്ലാ പ്രധാനമലനിരകളിലും ഇന്ത്യൻ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.




