ഇഐഎ 2020 കരട് പിൻവലിക്കണമെന്ന് രാഹുൽ

ന്യൂഡൽഹി: പാരിസ്ഥിതിക നാശത്തിനും ചൂഷണത്തിനും ഇടയാക്കുമെന്നതിനാൽ പരിസ്ഥിതിക ആഘാത പഠന (ഇഐഎ 2020) കരട് പിൻവലിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. രാജ്യത്തെ കൊള്ളയടിക്കുന്നത് തടയാനും പരിസ്ഥിതിനാശത്തിനു തടയിടാനും ഇഐഎ കരട് പിൻവലിക്കണം− രാഹുൽ ട്വീറ്റ് ചെയ്തു. രാജ്യത്തിന്‍റെ വിഭവങ്ങൾ സ്യൂട്ട് ബൂട്ട് സുഹൃത്തുക്കൾക്കായി ബിജെപി സർക്കാർ കൊള്ളയടിക്കുന്നതിന്‍റെ മറ്റൊരു ഭയാനകമായ ഉദാഹരണമാണിതെന്നും രാഹുൽ ആരോപിച്ചു.
ഇഐഎ കരടിനെ ഞായറാഴ്ചയും രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. പൊതുജനങ്ങളുടെ അഭിപ്രായത്തിനായി ഇപ്പോൾ തയാറാക്കിയ കരട് അപമാനകരവും അപകടകരവുമാണെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‍റെ ഭാഗമായി വർഷങ്ങളായി നടത്തിയ കഠിനാധ്വാനത്തിലൂടെ നേടിയ നേട്ടങ്ങളെ ഇല്ലാതാക്കാൻ കരട് നിയമത്തിന് കഴിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉയർന്ന മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളായ കൽക്കരി ഖനനം, മറ്റ് ധാതു ഖനനം എന്നിവയ്ക്ക് ഇനിമേൽ പരിസ്ഥിതി ആഘാത വിലയിരുത്തൽ ആവശ്യമില്ല. ഇടതൂർന്ന വനങ്ങളിലൂടെയും മറ്റ് പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന ഹൈവേകൾക്കോ റെയിൽവേ ലൈനുകൾക്കോ വേണ്ടി വൻതോതിൽ മരങ്ങൾ വെട്ടിമാറ്റുന്നതിനും വംശനാശഭീഷണി നേരിടുന്ന ആയിരക്കണക്കിന് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നതിനും ഇത് ഇടയാക്കും− കോൺഗ്രസ് മുൻ അധ്യക്ഷൻ ഫേസ്ബുക്കിൽ കുറിച്ചു.
കരട് വിജ്ഞാപനത്തിനെതിരെയുള്ള ജനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള സമയം ചൊവ്വാഴ്ച അവസാനിക്കാനിരിക്കേ ശക്തമായ ഓൺലൈൻ കാന്പയിനാണ് കേരളത്തിലടക്കം നടക്കുന്നത്. നിലവിലെ പരിസ്ഥിതി നിയമങ്ങളിൽ കൂടുതൽ അയവ് വരുത്തുന്നതാണ് പുതിയ വിജ്ഞാപനം. ഇതിനെതിരെയാണ് യുവാക്കളുടെ നേതൃത്വത്തിൽ ഓൺലൈൻ കാന്പയിൻ നടക്കുന്നത്.