കോവിഡ്: മുംബൈയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു
മുംബൈ: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുംബൈ ഡെപ്യൂട്ടി കമ്മീഷണറാണു നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജൂലൈ 15 വരെയാണു നിരോധനാജ്ഞ. കണ്ടെയ്ൻമെന്‍റ് സോണുകളിൽ അത്യാവശ്യത്തിനല്ലാതെ ഒരാളും പുറത്തിറങ്ങരുതെന്നാണ് ഉത്തരവ്. ആളുകൾക്ക് ഒറ്റയ്ക്കു മാത്രമേ പുറത്തിറങ്ങാൻ അനുവാദമുള്ളു. കൂട്ടം ചേരാൻ പാടില്ല. രാത്രിസമയത്ത് കണ്ടെയ്ൻമെന്‍റ് സോണിനു പുറത്തും ഇതു ബാധകമാണെന്ന് ഡെപ്യൂട്ടി കമ്മിഷണർ പ്രണയ അശോകിന്‍റെ ഉത്തരവിൽ പറയുന്നു.
കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ 24 മണിക്കൂറും മുംബൈ നഗരത്തിൽ രാത്രി ഒന്പതു മണി മുതൽ പുലർച്ചെ അഞ്ചു മണി വരെയുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ആരാധനാലയങ്ങൾക്ക് ഉൾപ്പെടെ നിയന്ത്രണങ്ങൾ ബാധകമാണ്. കോവിഡ് വ്യാപനം രൂക്ഷമായി കൂടുതൽ മരണമുണ്ടാവുന്നത് ഒഴിവാക്കാനാണു ക്രിമിനൽ നടപടി ചട്ടപ്രകാരം ഉത്തരവിറക്കിയതെന്നു പോലീസ് വിശദീകരിച്ചു.

