ഇന്ന് ഡോക്ടേഴ്സ് ഡേ'; ഡോക്ടർമാരെ സല്യൂട്ട് ചെയ്ത് പ്രധാനമന്ത്രിയും പ്രമുഖ നേതാക്കളും
ന്യൂഡൽഹി: ഡോക്ടർമാരുടെ ദിനത്തിൽ അവരെ സല്യൂട്ട് ചെയ്യുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 'കോവിഡിനെതിരായ തീവ്രമായ പോരാട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നമ്മുടെ ഡോക്ടർമാരെ, അസാധാരണമായ പരിചരണം നൽകുന്നവരെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു.'- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഡോക്ടർമാരുടെ പ്രവർത്തനങ്ങളെ കുറിച്ചുള്ള വീഡിയോ സഹിതമാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്.
ഡോക്ടർമാരെ അഭിവാദ്യം ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷായും ട്വീറ്റ് ചെയ്തു. -''ഡോക്ടർമാരുടെ ദിനത്തിൽ, കോവിഡിനെതിരായ പോരാട്ടത്തിൽ മുൻനിരയിലുള്ള ഞങ്ങളുടെ ധീരരായ ഡോക്ടർമാരെ ഞാൻ അഭിവാദ്യം ചെയ്യുന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ രാഷ്ട്രത്തെ സുരക്ഷിതവും ആരോഗ്യകരവുമായി നിലനിർത്തുന്നതിനുള്ള അവരുടെ തികഞ്ഞ പ്രതിബദ്ധത തീർച്ചയായും അസാധാരണമാണ്. രാഷ്ട്രം അവരുടെ ഭക്തിക്കും ത്യാഗത്തിനും അഭിവാദ്യം അർപ്പിക്കുന്നു.''- അമിത് ഷാ കുറിച്ചു.
''കോവിഡ് കാലത്തും പ്രതീക്ഷയേകുന്ന സമർപ്പിത പ്രൊഫഷണലുകളോട് ഞാൻ വളരെയധികം നന്ദിയുള്ളവനാണ്.''- കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.

