സർവകക്ഷിയോഗം; ആർജെഡിക്കും ആംആദ്മിക്കും ക്ഷണമില്ല
ന്യൂഡൽഹി: അതിര്ത്തിയിലെ സംഘര്ഷം ചര്ച്ച ചെയ്യാന് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചു ചേര്ത്ത സര്വകക്ഷി യോഗത്തില് ആം ആദ്മി പാര്ട്ടിക്കും ആര്ജെഡിക്കും ക്ഷണമില്ല. ഇതേ തുടര്ന്ന് കേന്ദ്രസര്ക്കാരിനോട് ചോദ്യവുമായി ഇരു പാര്ട്ടിയിലെയും നേതാക്കള് രംഗത്തെത്തി. പാര്ലമെന്റില് അഞ്ച് അംഗങ്ങള് ഉള്ള പാര്ട്ടികളെയാണ് യോഗത്തിന് ക്ഷണിക്കുന്നതെന്നാണ് കേന്ദ്രം നല്കുന്ന വിശദീകരണം. എന്നാല് തങ്ങള്ക്ക് അഞ്ച് അംഗങ്ങള് ഉണ്ടെന്നും സര്വകക്ഷിയോഗം എന്നാല് എല്ലാ പാര്ട്ടിയിലെയും അംഗങ്ങള്ക്ക് തങ്ങളുടെ കാഴ്ച്ചപ്പാട് പങ്കുവയ്ക്കുവാനുള്ള അവസരമുണ്ടെന്നാണ് അര്ത്ഥമാക്കുന്നതെന്ന് ആര്ജെഡി നേതാവ് മനോജ് കുമാര് പറഞ്ഞു.
ആം ആദ്മി പാര്ട്ടിക്ക് ഡല്ഹിയില് ഒരു സര്ക്കാരുണ്ട്, പഞ്ചാബിലെ പ്രധാന പ്രതിപക്ഷമാണ്. എന്നാല് സുപ്രധാനമായ ഒരു വിഷയത്തില് ആം ആദ്മി പാര്ട്ടിയുടെ വീക്ഷണങ്ങള് ആവശ്യമില്ലേ?. യോഗത്തില് പ്രധാനമന്ത്രി എന്ത് പറയുമെന്ന് രാജ്യം കാത്തിരിക്കുകയാണെന്ന് ആംആദ്മി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. ഇന്നു വൈകുന്നേരം ചേരുന്ന സര്വകക്ഷി യോഗത്തില് സോണിയ ഗാന്ധി, മമത ബാനര്ജി, ശരദ് പവാര്, നിതീഷ് കുമാര്, സീതാറാം യെച്ചൂരി, എം.കെ. സ്റ്റാലിന്, ജഗന്മോഹന് റെഡ്ഡി, ഡി. രാജ തുടങ്ങിയവരെയാണ് ക്ഷണിച്ചിരിക്കുന്നത്.
തിങ്കളാഴ്ചത്തെ സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കും. പ്രശ്നപരിഹാരത്തിന് നടക്കുന്ന ചർച്ചകളേക്കുറിച്ചും യോഗത്തെ അറിയിക്കും.

