കോവിഡ് രോഗികളെ പരിഗണിക്കുന്നത് മൃഗങ്ങളെക്കാൾ മോശമായി; ഡൽഹി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീംകോടതി
ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് രോഗികളെ പരിഗണിക്കുന്നത് മൃഗങ്ങളെക്കാൾ മോശമായിട്ടാണെന്ന് സുപ്രീംകോടതി. രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെയാണ് കോടതിയുടെ രൂക്ഷവിമർശനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ മോശമായി കൈകാര്യം ചെയ്യുന്നതായി ആരോപിച്ച് നൽകിയ ഹർജിയിലായിരുന്നു കോടതിയുടെ വിമർശനം. കോവിഡ് രോഗികളുടെ മൃതദേഹങ്ങൾ ഡൽഹി സർക്കാർ ആശുപത്രികൾ ശരിയായി കൈകാര്യം ചെയ്യുന്നില്ലെന്നും ചില അവസരങ്ങളിൽ മരണം സംബന്ധിച്ച് കുടുംബാംഗങ്ങളെ അറിയിക്കാറില്ലെന്നും കോടതി കുറ്റപ്പെടുത്തി.
കോവിഡ് രോഗിയുടെ മൃതദേഹം ചവറ്റുകൂനയിൽ കണ്ടെത്തിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി സർക്കാരിനെ കുടഞ്ഞത്. കോവിഡ് പരിശോധനകളുടെ എണ്ണം കുറച്ചതിന് കാരണം വിശദീകരിക്കണമെന്നും ഡൽഹി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. പ്രതിദിനം 7,000 പരിശോധനയിൽനിന്ന് 5,000 ലേക്ക് താഴുവാൻ കാരണമെന്താണ്? ചെന്നൈയും മുംബൈയും 16,000 ൽ നിന്ന് 17,000 ആയി പരിശോധനകൾ വർദ്ധിപ്പിക്കുമ്പോൾ ഡൽഹി സർക്കാർ പരിശോധനകൾ കുറയ്ക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

