ലോക്ക്ഡൗണ്‍ ഇളവിനെ തുടർന്ന് നടത്തിയ പാർട്ടിയിൽ പങ്കെടുത്ത 180 പേർക്ക് കോവിഡ്
നാഗ്പുർ: ലോക്ക്ഡൗണ്‍ ഇളവിനെ തുടർന്ന് നടത്തിയ പാർട്ടിയിൽ പങ്കെടുത്തവരിൽനിന്ന് കോവിഡ് സ്ഥിരീകരിച്ചത് 180 പേർക്ക്. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. പാർട്ടി നടത്തിയ ആളുടെ കുടുംബത്തിൽ 16 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുനിസിപ്പൽ കമ്മീഷണർ തുക്കാറാം മുണ്ടെ പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുമായി ബന്ധം പുലർത്തിയ 700 പേർ ഇതോടെ നിരീക്ഷണത്തിലായി.
അഞ്ചു സുഹൃത്തുക്കൾക്കു വേണ്ടിയാണ് ആദ്യം രോഗബാധിനായ യുവാവ് പാർട്ടി നടത്തിയത്. ഏറെ രോഗവ്യാപനമുള്ള അയൽജില്ലയിലാണ് ഇയാൾ പാർട്ടി നടത്തുന്നതിനായി മാംസം വാങ്ങാൻ പോയത്. ഇതിനുശേഷമാണ് ഇയാളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പാർക്കിൽ നടക്കാൻ പോയശേഷമാണ് തനിക്കു രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതെന്നും പാർട്ടി നടത്തിയശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റായതെന്നും യുവാവ് ബിബിസിയോടു പ്രതികരിച്ചു.

