മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്കുള്ള എസ്പിജി സുരക്ഷ പിൻവലിക്കാൻ മന്ത്രിസഭയുടെ അനുമതി
ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങൾക്കുള്ള സ്പെഷൽ പ്രൊട്ടക്‌ഷൻ ഗ്രൂപ്പിന്റെ (എസ്പിജി) സുരക്ഷ പിൻവലിക്കുന്നതിനു കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. എസ്പിജി ചട്ടത്തിൽ ഇക്കാര്യം ഉൾപ്പെടുത്തി ഭേദഗതി ചെയ്ത ബിൽ അടുത്തയാഴ്ച ലോക്സഭയിൽ അവതരിപ്പിക്കും. കോൺഗ്രസ് പ്രസിഡണ്ട് സോണിയ ഗാന്ധി, മക്കളായ രാഹുൽ, പ്രിയങ്ക എന്നിവർക്കുള്ള എസ്പിജി സുരക്ഷ പിൻവലിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചട്ടം ഭേദഗതി ചെയ്യുന്നത്. മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും ഒരു വർഷത്തേക്കു സുരക്ഷ നൽകാനും അവർ നേരിടുന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ ഓരോ വർഷവും നീട്ടാനുമുള്ള വ്യവസ്ഥയാണു റദ്ദാക്കുന്നത്. പ്രധാനമന്ത്രിക്കും അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും മേലിൽ എസ്.പി.ജി സുരക്ഷ. നെഹ്റുñഗാന്ധി കുടുംബത്തിന്റെ എസ്പിജി സുരക്ഷ പിൻവലിച്ചതിനെതിരെ പാർലമെന്റിനകത്തും പുറത്തും കോൺഗ്രസ് പ്രതിഷേധം ശക്തമാക്കിയതിനു പിന്നാലെയാണ്, ഭേദഗതി ബില്ലുമായി സർക്കാർ രംഗത്തുവരുന്നത്. പാർലമെന്റിൽ ബിൽ ചർച്ചയ്ക്കെടുക്കുന്പോൾ എതിർക്കാനാണ് കോൺഗ്രസ് തീരുമാനം. മറ്റു പ്രതിപക്ഷ കക്ഷികളുടെ പിന്തുണ തേടും.

