മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ബി.ജെ.പി പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നു: ശിവസേന


മുംബൈ: തിരഞ്ഞെടുപ്പ് കഴിഞ്ഞ് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ ബി.ജെ.പി പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് ശിവസേന. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശിവസേനയുടെ എംഎല്‍എമാരെ ചിലര്‍ പണം ഉപയോഗിച്ച് ചാക്കിലാക്കാന്‍ ശ്രമിക്കുന്നതായും ഇത്തരത്തിലുള്ള പരാതികള്‍ കൂടിവരുന്നുണ്ടെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ നയിക്കുന്ന പാര്‍ട്ടിയില്‍ നിന്നുതന്നെ മുഖ്യമന്ത്രിയുണ്ടാകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ബിജെപിയുടെ സര്‍ക്കാര്‍ പണത്തിന്റെ ശക്തിയുപയോഗിച്ച് പുതിയ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ, ആരും സംസ്ഥാനത്തെ കര്‍ഷകരെ സഹായിക്കുന്നില്ല. അതിനാല്‍ കര്‍ഷകര്‍ക്ക് ആവശ്യം ശിവസേന മുഖ്യമന്ത്രിയെയാണെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
ബിജെപി - ശിവസേന സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നിരിക്കെ ബിജെപി ഇന്ന് ഗവര്‍ണറെ കാണുന്നുണ്ട്. സഭാകാലാവധി കഴിയുന്ന ശനിയാഴ്ച മുന്‍പ് ഇരുപാര്‍ട്ടികളും ധാരണയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed