അയോധ്യയിൽ സമവായം ഉണ്ടായെന്ന് സ്ഥിരീകരിച്ച് സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ
ന്യൂഡൽഹി: അയോധ്യയിലെ രാമ ജന്മഭൂമി-ബാബറി മസ്ജിദ് കേസ് ഒത്തുതീർക്കാൻ സമവായം ഉണ്ടായെന്ന് സ്ഥിരീകരിച്ച് സുന്നി വഖഫ് ബോർഡ് അഭിഭാഷകൻ. അയോധ്യയിലെ തർക്കഭൂമിക്കുള്ള അവകാശവാദത്തിൽ നിന്ന് ഉപാധികളോടെ പിന്മാറാമെന്ന് സുന്നി വഖഫ് ബോർഡ് അറിയിച്ചിരുന്നു. രാമജന്മഭൂമി – ബാബ്റി മസ്ജിദ് കേസിൽ സുപ്രീം കോടതിയിൽ മുസ്ലിം പക്ഷത്തെ ഏഴു കക്ഷികളിലൊന്നാണു ബോർഡ്.
സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥസമിതി ഇന്നലെ കോടതിക്കു നൽകിയ റിപ്പോർട്ടിലാണു ബോർഡിന്റെ നിലപാട് പറഞ്ഞിട്ടുള്ളത്. ബോർഡ് മുന്നോട്ടുവച്ചതായി സൂചനയുള്ള ഉപാധികൾ ഇവ:
ഭൂമി സർക്കാർ ഏറ്റെടുത്ത് രാമക്ഷേത്രം നിർമ്മിക്കുക, അയോധ്യയിലെ മസ്ജിദുകൾ സർക്കാർ പുനരുദ്ധരിക്കുക, ബാബ്റി മസ്ജിദിനു പകരം യോജ്യമായ സ്ഥലത്തു മസ്ജിദ് നിർമ്മിക്കുക, രാജ്യത്തെ മറ്റൊരു മസ്ജിദ് സംബന്ധിച്ചും എതിർകക്ഷികൾ തർക്കമുന്നയിക്കാതിരിക്കുക. അയോധ്യയിൽ ദേശീയ സൗഹാർദ കേന്ദ്രം സ്ഥാപിക്കണമെന്നും അതിനു പുതുച്ചേരിയിലെ അരബിന്ദോ ആശ്രമവും മറ്റും സ്ഥലം ലഭ്യമാക്കുമെന്നും സമിതി റിപ്പോർട്ടിൽ പറയുന്നതായി സൂചനയുണ്ട്.
എന്നാൽ, അവകാശം ഉപേക്ഷിക്കാമെന്നതു വഖഫ് ബോർഡ് അദ്ധ്യക്ഷന്റെയും മറ്റ് ഏതാനും പേരുടെയും മാത്രം നിലപാടാണെന്നും പൊതു അഭിപ്രായമല്ലെന്നും വിമർശനമുയർന്നിട്ടുണ്ട്. 2.77 ഏക്കർ ഭൂമിയുടെ മൂന്നിലൊന്നു മുസ്‌ലിംകൾക്കു നൽകാനാണ് 2010 ൽ അലഹാബാദ് ഹൈക്കോടതി വിധിച്ചത്. എന്നാൽ, ഈ ഭൂമി വഖഫ് വസ്തുവാണെന്നും തങ്ങളാണു പ്രതിനിധിസ്വഭാവമുള്ള അവകാശികളെന്നുമാണു ബോർഡിന്റെ നിലപാട്.

