അൺ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പ്രസവാവധി ആനുകൂല്യം
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖലയയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്താനുള്ള കേരള സർക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സർക്കാർ അംഗീകാരം നൽകി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 29 ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് കേന്ദ്ര സർക്കാറിന്റെ അംഗീകാരം തേടാൻ തീരുമാനിച്ചത്. രാജ്യത്ത് ആദ്യമാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയിൽ അൺ എയ്ഡഡ് സ്കൂൾ അധ്യാപകരെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു സർക്കാർ തീരുമാനമെടുക്കുന്നത്.
നിലവിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയിൽ ഇല്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനയച്ചതും.
നിയമഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയിൽ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാർക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്. കൂടാതെ ചികിത്സാ ആവശ്യങ്ങൾക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും. നിയമത്തിൽ പരിധിയിൽ ഉൾപ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസമേഖലയിലും ലഭ്യമാകും.

